ന്യൂഡല്‍ഹി: വായ്പ തിരിച്ചടവുകളില്‍ വീഴ്ച വരുത്തുന്ന ഉപയോക്താക്കളെ ബാങ്കുകളും റിക്കവറി ഏജന്‍സികളും മാനസികമായി പീഡിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
വായ്പ തിരിച്ചടവ് റിക്കവറി പ്രക്രിയകളില്‍ സുതാര്യതയും മാന്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ആര്‍ബിഐയുടെ ഈ സുപ്രധാന ഇടപെടല്‍. 2027 ജനുവരി 1 മുതലാണ് പുതിയ നിയമങ്ങള്‍ ഔദ്യോഗികമായി പ്രാബല്യത്തില്‍ വരുന്നത്. വായ്പ എടുത്ത വ്യക്തികളുടെ വ്യക്തിസ്വാതന്ത്ര്യം, അന്തസ്സ്, സ്വകാര്യത എന്നിവ സംരക്ഷിക്കുകയാണ് ഈ പുതിയ നിര്‍ദ്ദേശങ്ങളിലൂടെ കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത്. റിക്കവറി ഏജന്‍സികളുടെ അതിരുകടന്ന കടന്നുകയറ്റവും മോശം പെരുമാറ്റവും സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ബാങ്കുകള്‍ക്ക് വ്യക്തമായ ഉത്തരവാദിത്തം നിശ്ചയിച്ചുകൊണ്ട് ഈ ഡയറക്ഷന്‍സ് പുറത്തിറക്കിയത്.
മെയ് മാസത്തില്‍ പുറത്തുവിട്ട കരട് നിര്‍ദ്ദേശങ്ങളില്‍ വിവിധ പങ്കാളികളില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് അന്തിമ ഉത്തരവിന് രൂപം നല്‍കിയിരിക്കുന്നത്. ഉപയോക്താക്കളെ ബന്ധപ്പെടുന്നതിനും നേരിട്ട് സന്ദര്‍ശിക്കുന്നതിനും കൃത്യമായ സമയക്രമം ആര്‍ബിഐ നിര്‍ബന്ധമാക്കിയിട്ടുണ്ട്. രാവിലെ 8:00 മണി മുതല്‍ വൈകുന്നേരം 7:00 മണി വരെ മാത്രമേ റിക്കവറി ഏജന്റുമാര്‍ക്ക് ഉപയോക്താക്കളെ ഫോണില്‍ വിളിക്കാനോ നേരിട്ട് കാണാനോ അനുവാദമുള്ളൂ. ഉപഭോക്താവ് പ്രത്യേകം ആവശ്യപ്പെടുകയോ അനുമതി നല്‍കുകയോ ചെയ്യുന്ന പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ ഈ സമയപരിധിക്ക് പുറത്ത് ബന്ധപ്പെടാന്‍ പാടുള്ളൂ.
കൂടാതെ ഉപയോക്താവിന്റെ കുടുംബത്തില്‍ ഉണ്ടാകുന്ന മരണങ്ങള്‍, മെഡിക്കല്‍ എമര്‍ജന്‍സികള്‍, വിവാഹങ്ങള്‍ സമാനമായ മറ്റ് അടിയന്തിര സാഹചര്യങ്ങള്‍ എന്നിവയുള്ളപ്പോള്‍ റിക്കവറി ഏജന്റുമാര്‍ ഉപഭോക്താക്കളെ ബന്ധപ്പെടുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. ചര്‍ച്ചകള്‍ ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചായിരിക്കണം നടത്തേണ്ടത്. മുന്‍കൂട്ടി തീരുമാനിച്ച സ്ഥലത്ത് ഉപയോക്താവ് തുടര്‍ച്ചയായി രണ്ട് തവണയില്‍ കൂടുതല്‍ ഹാജരാകാതിരുന്നാല്‍ മാത്രമേ താമസസ്ഥലത്തോ ജോലിസ്ഥലത്തോ സന്ദര്‍ശനം നടത്താന്‍ ഏജന്റുമാര്‍ക്ക് അനുവാദമുള്ളൂ.
റിക്കവറി പ്രക്രിയയില്‍ ഭീഷണിപ്പെടുത്തല്‍, അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കല്‍, സോഷ്യല്‍ മീഡിയ വഴി വ്യക്തിഗത വിവരങ്ങളോ വീഡിയോകളോ ശബ്ദരേഖകളോ പ്രചരിപ്പിക്കല്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ഫോണിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും അനാവശ്യ സന്ദേശങ്ങള്‍ അയക്കല്‍, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഭീഷണി കോളുകള്‍, ഉപഭോക്താവിന്റെ കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹപ്രവര്‍ത്തകരെയോ ശല്യം ചെയ്യല്‍ എന്നിവ കുറ്റകരമാണ്.
പരസ്യമായി അപമാനിക്കല്‍, വസ്തുവകകള്‍ക്കോ പ്രശസ്തിക്കോ കേടുപാട് വരുത്തുമെന്ന ഭീഷണി, കടത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കല്‍ എന്നിവയും കര്‍ശനമായി വിലക്കിയിട്ടുണ്ട്. റിക്കവറി ഏജന്‍സികള്‍ ആദ്യമായി നേരിട്ട് സന്ദര്‍ശിക്കുന്നതിന് കുറഞ്ഞത് ഒരു ദിവസം മുമ്പെങ്കിലും ബാങ്കുകള്‍ ഉപയോക്താവിനെ വിവരമറിയിക്കേണ്ടതുണ്ട്. ഏജന്‍സിയെ മാറ്റുകയോ കരാര്‍ അവസാനിപ്പിക്കുകയോ ചെയ്താല്‍ ആ വിവരവും ഉപയോക്താവിനെ അറിയിക്കണം.
എല്ലാ ബാങ്കുകളും തങ്ങളുടെ വെബ്‌സൈറ്റില്‍ അംഗീകൃത റിക്കവറി ഏജന്‍സികളുടെ പട്ടിക പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സന്ദര്‍ശന സമയത്ത് ഏജന്റുമാര്‍ ഐഡന്റിറ്റി കാര്‍ഡും പരാതി പരിഹാര ഓഫീസറുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ബാങ്കിന്റെ ആധികാരികത പത്രവും കൈവശം കരുതണം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് (ഐഐബിഎഫ്) നടത്തുന്ന പരിശീലനം പൂര്‍ത്തിയാക്കിയവരെ മാത്രമേ റിക്കവറി ഏജന്റുമാരായി നിയമിക്കാവൂ. റിക്കവറി സംബന്ധിച്ച എല്ലാ ഫോണ്‍ സംഭാഷണങ്ങളും ബാങ്കുകള്‍ റെക്കോര്‍ഡ് ചെയ്യുകയും ആറ് മാസത്തേക്ക് സൂക്ഷിക്കുകയും വേണം. കേസ് കോടതിയിലാണെങ്കില്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ ഈ റെക്കോര്‍ഡിംഗ് സൂക്ഷിക്കേണ്ടതുണ്ട്.
ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന വിവരം ഉപയോക്താവിനെ മുന്‍കൂട്ടി അറിയിക്കുകയും വേണം. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് റിക്കവറി നടപടികള്‍ ഉണ്ടാകുകയും അതിലൂടെ ഉപഭോക്താവിനോ ജാമ്യക്കാരനോ നഷ്ടമുണ്ടാകുകയും ചെയ്താല്‍ തക്കതായ നഷ്ടപരിഹാരം നല്‍കാനുള്ള വ്യവസ്ഥകള്‍ ബാങ്കുകള്‍ തങ്ങളുടെ പോളിസിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
പരാതികള്‍ പരിഹരിക്കുന്നതിനായി ബാങ്കുകളില്‍ പ്രത്യേക പരാതി പരിഹാര സംവിധാനം ഉണ്ടാകുമെന്നും ഇതിന്റെ വിവരങ്ങള്‍ ലോണ്‍ അഗ്രിമെന്റില്‍ തന്നെ വ്യക്തമാക്കിയിരിക്കണമെന്നും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
