കങ്ങഴ: സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ', എക്‌സൈസ് വകുപ്പിന്റെ 'ഓപ്പറേഷൻ തണ്ടർ' എന്നിവയുടെ ഭാഗമായി മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി മാഫിയകൾക്കെതിരെയും സിന്തറ്റിക് ലഹരി മരുന്നുകളുടെ ഭീഷണികൾക്കെതിരെയും കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടിവരവ് ക്രമീകരിച്ചത്.
വിദ്യാർത്ഥികൾ ലഹരിക്കെതിരെ പ്രതിരോധം സൃഷ്ടിക്കണമെന്നും പ്രലോഭങ്ങളിൽ വീഴാതെ ലഹരി വേണ്ടാ എന്ന് പറയാൻ ശീലിക്കണമെന്നും അധ്യാപിക റോസമ്മ സിറിയക് ലഹരി വിരുദ്ധ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
വിദ്യാർത്ഥികളോട് സംവദിച്ച സ്‌കൂൾ വൈസ് പ്രിൻസിപ്പൽ വർഗീസ് ദേവസി ലഹരി വരുത്തുന്ന ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദീകരിച്ചു. ലഹരി ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യാതെ അവരെക്കൂടി ചേർത്ത് പിടിച്ച് ബോധവത്കരണം നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് ലഹരി ഉപയോഗത്തിന്റെ ഭീകരത കുട്ടികൾ മനസ്സിലാക്കുന്നതിനായി പ്രത്യേക വീഡിയോ പ്രദർശനം നടന്നു. വിദ്യാർത്ഥി പ്രതിനിധി ഫിയോണ തങ്കം തോമസ് ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ അധ്യാപകരും വിദ്യാർത്ഥികളും ഒറ്റക്കെട്ടായി ഏറ്റുചൊല്ലി. ലഹരി പദാർത്ഥങ്ങളോട് വിട പറഞ്ഞ് ജീവിതം തുടരാം എന്ന ആഹ്വാനവുമായി 'Yes to Life, No to Drugs' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് ബോധവത്ക്കരണ പരിപാടിക്ക് തിരശീല വീണത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
