ഏരൂര്‍ എണ്ണപ്പനത്തോട്ടത്തിലെ ഉഗ്രശബ്ദം: ഖനന വകുപ്പ് പരിശോധന നടത്തി; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

AUGUST 7, 2026, 9:25 PM

ഏരൂര്‍: അഞ്ചല്‍ ഏരൂര്‍ എണ്ണപ്പനത്തോട്ടത്തില്‍ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി ഉഗ്രശബ്ദം കേട്ട സംഭവത്തില്‍ ഖനന ഭൂവിജ്ഞാന വകുപ്പ് ജനപ്രതിനിധികളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ സ്ഥലപരിശോധന നടത്തി. എണ്ണപ്പനത്തോട്ടത്തിലെ എം മൂന്ന് ഡിവിഷനില്‍ തൃക്കോയ്ക്കല്‍ ടവര്‍കുന്ന് ഭാഗത്ത് കഴിഞ്ഞ ദിവസം രാവിലെയാണ് തുടര്‍ച്ചയായി മൂന്നു തവണ വന്‍ ശബ്ദം മുഴങ്ങിയത്. മുന്‍പ് ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ള പ്രദേശമായതിനാല്‍ വലിയ രീതിയിലുള്ള പരിഭ്രാന്തിയാണ് തൊഴിലാളികള്‍ക്കിടയിലും നാട്ടുകാരിലും ഉണ്ടായത്.

നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഏരൂര്‍ ഗ്രാമപ്പഞ്ചായത്ത് അധികൃതരും റവന്യൂ-പോലീസ് സംഘവും ആദ്യം സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് കൊല്ലം അസിസ്റ്റന്റ് ജിയോളജിസ്റ്റുമാരായ വരുണ്‍, വിഷ്ണുപ്രസാദ് എന്നിവരടങ്ങുന്ന വിദഗ്ധസംഘം പ്രദേശത്തെത്തി ശാസ്ത്രീയ പരിശോധന നടത്തിയത്.

പ്രദേശത്തു കൂടി കടന്നുപോകുന്ന ഇടമണ്‍-പോത്തന്‍കോട് 220 കെ.വി. പവര്‍ ലൈനിലെ വൈദ്യഗിരി എസ്റ്റേറ്റിലെ ടവറില്‍ ഇന്‍സുലേറ്റര്‍ പൊട്ടിത്തെറിച്ചതാണ് ശബ്ദത്തിന് പ്രാഥമിക കാരണമെന്നാണ് അധികൃതരുടെ അനുമാനം. ശബ്ദം കേട്ട അതേസമയത്ത് ഇന്‍സുലേറ്റര്‍ ട്രിപ്പായതായി ഇടമണ്‍ സബ് സ്റ്റേഷനില്‍ നിന്നും വിവരവും ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും മുന്‍കാല അനുഭവങ്ങള്‍ മുന്‍നിര്‍ത്തി മണ്ണിടിച്ചില്‍ സാധ്യതകള്‍ പൂര്‍ണ്ണമായി തള്ളിക്കളയാനാവില്ലെന്നാണ് ജിയോളജി വിഭാഗത്തിന്റെ നിലപാട്.

സ്ഥല പരിശോധനയുടെ അടിസ്ഥാനത്തിലുള്ള വിശദമായ റിപ്പോര്‍ട്ട് വിദഗ്ധസംഘം ജില്ലാ കളക്ടര്‍ക്ക് ഉടന്‍ സമര്‍പ്പിക്കും. ഇതിന് ശേഷമായിരിക്കും പ്രദേശം സംബന്ധിച്ച തുടര്‍നടപടികളും നിര്‍ദേശങ്ങളും പുറപ്പെടുവിക്കുക. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ പ്രദേശവാസികളോട് അഭ്യര്‍ത്ഥിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam