തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വന്ദേമാതരം നിർബന്ധമാക്കി സംസ്ഥാന സർക്കാർ. സ്വാതന്ത്ര്യദിന പരിപാടികളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശം നൽകി. തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി നൽകിയ കത്തിന്റെ പകർപ്പ് പുറത്തുവന്നതോടെയാണ് വിവരം.
വന്ദേമാതരം നിർബന്ധമാക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിന് പിന്നാലെയാണ് സംസ്ഥാനത്തും ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.
പുതിയ നിർദേശപ്രകാരം സംസ്ഥാന ഗീതത്തിന് ശേഷം വന്ദേമാതരവും തുടർന്ന് ദേശീയ ഗാനവും ആലപിക്കണം. സംസ്ഥാന ഗീതം ഇല്ലാത്ത പരിപാടികളിൽ ആദ്യം വന്ദേമാതരവും അതിന് ശേഷം ദേശീയ ഗാനവും ആലപിക്കണമെന്നാണ് നിർദേശം.
വന്ദേമാതരത്തിന്റെ യഥാർഥ കവിതയിലെ ആറ് ചരണങ്ങളും പൂർണമായി ആലപിക്കണമെന്നും കേന്ദ്രത്തിന്റെ മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ഗാനത്തിന്റെ ഔദ്യോഗിക ആലാപന സമയം മൂന്ന് മിനിറ്റും 10 സെക്കൻഡുമാണ്. ദേശീയ ഗാനം ആലപിക്കുമ്പോൾ അതിന്റെ വരികളും ചിഹ്നങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായ ശ്രദ്ധ പുലർത്തണമെന്നും നിർദേശമുണ്ട്.
സംസ്ഥാനങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച മാർഗനിർദേശം കൈമാറിയിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങൾക്കും കേന്ദ്രങ്ങൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതേസമയം, വന്ദേമാതരം പൂർണമായും ആലപിക്കേണ്ടതില്ലെന്ന നിലപാടാണ് കോൺഗ്രസ് ദേശീയ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര നിർദേശത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടിയെക്കുറിച്ച് രാഷ്ട്രീയ ചർച്ചകൾക്കും ഇതോടെ വഴിയൊരുങ്ങിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
