കോഴിക്കോട്: വടകരയിൽ അധ്യാപികമാർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കാൻ പൊലീസ്. കേസുമായി ബന്ധപ്പെട്ട് കേരളത്തിന് അകത്തും പുറത്തുമായി നിരവധി പേർ പിടിയിലാകാനുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന. ആദ്യഘട്ടത്തിൽ മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. ഇവിടങ്ങളിലെ വലിയ ലഹരി സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
റിമാൻഡിൽ കഴിയുന്ന അധ്യാപിക കീർത്തനയുടെ മൊബൈൽ ഫോണിൽ നിന്ന് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് പൊലീസ് പറയുന്നത്. ഫോണിലെ ചാറ്റുകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തിയത്.
കീർത്തനയുടെ ബാങ്ക് അക്കൗണ്ടിൽ അഞ്ച് മാസത്തിനിടെ ഏകദേശം 15 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. കേസിലെ മറ്റ് പ്രതികളുമായുള്ള ലക്ഷക്കണക്കിന് രൂപയുടെ ഗൂഗിൾ പേ ഇടപാടുകളും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ്, എക്സൈസ് വിഭാഗങ്ങൾ രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസുകളിലെ പ്രതികളുമായും ഇവർക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ലഹരി ഇടപാടുമായി ബന്ധമുള്ള ചിലർ മൊബൈൽ ഫോണുകൾ ഓഫാക്കി ഒളിവിൽ കഴിയുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കേസിലെ മുഴുവൻ പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതികൾ തമ്മിലുള്ള ബന്ധം, ലഹരി എത്തിച്ചിരുന്ന വഴികൾ, സാമ്പത്തിക ഇടപാടുകൾ, വിതരണ ശൃംഖല എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിലൂടെ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്.
അതേസമയം, കേസിൽ തനിക്ക് പങ്കില്ലെന്നും തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും കീർത്തന കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, കീർത്തനയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട ചാറ്റുകളും മറ്റ് വിവരങ്ങളും ലഭിച്ചതായി പൊലീസ് പറയുന്നു.
കുട്ടികളെ ലഹരി വിൽപ്പനയ്ക്കോ വിതരണത്തിനോ ഉപയോഗിച്ചിട്ടുണ്ടോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അധ്യാപികമാർക്ക് ലഹരി സംഘങ്ങളുമായുള്ള ബന്ധത്തിന്റെ വ്യാപ്തിയും പൊലീസ് അന്വേഷിച്ചുവരികയാണ്.
കേസിൽ കീർത്തനയെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങളാണ് വ്യക്തമാക്കിയിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണി വരെയാണ് കീർത്തന ഉൾപ്പെടെയുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
കേസിൽ കീർത്തന ഉൾപ്പെടെ മൂന്ന് അധ്യാപികമാരും ജിജിൽ, സഫ്വാൻ എന്നീ യുവാക്കളുമാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. കൂടുതൽ പേരെ കേസിൽ പ്രതികളാക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
