കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസിൽ പ്രതിയായ റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിനും ചാനലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. ആന്റോ അഗസ്റ്റിനെതിരെ 800 പേജുള്ള തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് സാബു എം. ജേക്കബ് അവകാശപ്പെട്ടു.
റിപ്പോർട്ടർ ടി വി അടച്ചുപൂട്ടാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചാനലിന് ഇതുവരെ ബ്രോഡ്കാസ്റ്റിംഗ് ലൈസൻസോ ദേശീയ സുരക്ഷാ ക്ലിയറൻസോ ലഭിച്ചിട്ടില്ലെന്നാണ് സാബു എം. ജേക്കബിന്റെ ആരോപണം. മറ്റുള്ളവരുടെ ദുരിതത്തിൽ നിന്ന് കോടികൾ സമ്പാദിച്ചവരാണ് ചാനൽ അധികൃതരെന്നും അദ്ദേഹം ആരോപിച്ചു.
മെസി തട്ടിപ്പ് കേസിലെ അന്വേഷണം അതിൽ മാത്രം പരിമിതപ്പെടുത്തരുതെന്നും ആന്റോ അഗസ്റ്റിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്നും സാബു എം. ജേക്കബ് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താൽ കൂടുതൽ സാമ്പത്തിക ക്രമക്കേടുകൾ പുറത്തുവരുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
സംസ്ഥാന-കേന്ദ്ര സർക്കാരുകളിലെ ഉദ്യോഗസ്ഥരെ പണവും മദ്യവും നൽകി ആന്റോ അഗസ്റ്റിൻ സഹോദരന്മാർ സ്വാധീനിക്കുന്നുവെന്നും സാബു എം. ജേക്കബ് ആരോപിച്ചു. മരംമുറി കേസിൽ പ്രതിയായ ആന്റോ അഗസ്റ്റിനെ ന്യായീകരിക്കുന്നതും വിശുദ്ധനായി ചിത്രീകരിക്കുന്നതും കാണുമ്പോൾ പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കൾക്ക് ഇതിൽ പങ്കുണ്ടോയെന്ന സംശയം ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മെസിയുടെ പേരിൽ കലൂർ സ്റ്റേഡിയം കൈവശപ്പെടുത്താനുള്ള നീക്കമാണ് നടന്നതെന്നും വ്യവസായികളായ സി.ജെ. റോയിയെപ്പോലുള്ളവരെ ഇഡി ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും സാബു എം. ജേക്കബ് ആരോപിച്ചു.
കിറ്റെക്സ് ഫാക്ടറിയിൽ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് 12 തവണ റെയ്ഡ് നടന്നപ്പോൾ അതിനെ ന്യായീകരിച്ച് സംസാരിച്ച മാധ്യമമാണ് ഇപ്പോൾ റിപ്പോർട്ടർ ടി വിയെന്നും സാബു എം. ജേക്കബ് വിമർശിച്ചു.
തങ്ങൾ എൻഡിഎയിലെ ഒരു സഖ്യകക്ഷി മാത്രമായതിനാൽ ചാനലിനെതിരെ കേന്ദ്രതലത്തിൽ നടപടി ആവശ്യപ്പെട്ട് സമ്മർദം ചെലുത്തുന്നതിന് പരിമിതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഏതൊരു പൗരനും ലഭിക്കുന്ന അവകാശങ്ങൾ മാത്രമേ മാധ്യമ സ്ഥാപനങ്ങൾക്കും ഉള്ളൂവെന്നും സാബു എം. ജേക്കബ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
