ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയൻ ടെസ്റ്റിലെ ഇന്ത്യയുടെ ദയനീയ തോൽവിക്ക് പിന്നാലെ യുവതാരം ശുഭ്മാൻ ഗില്ലിന്റെ ടെസ്റ്റ് കരിയർ വലിയ പ്രതിസന്ധിയിലാണെന്ന് തുറന്നു പറഞ്ഞ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. രണ്ടാം ടെസ്റ്റിലും തിളങ്ങാനായില്ലെങ്കിൽ ഗില്ലിന്റെ ടെസ്റ്റ് ടീമിലെ സ്ഥാനം ഇളകുമെന്നും കാർത്തിക് പറഞ്ഞു.
ശുഭ്മാൻ ഗില്ലിന്റെ ടീമിലെ സ്ഥാനം വലിയ ചോദ്യ ചിഹ്നമാണ്. ടെസ്റ്റിൽ പ്രതീക്ഷക്കൊത്ത് ഉയരാൻ അവന് ഇതുവരെ കഴിഞ്ഞിട്ടില്ല. 20 ടെസ്റ്റ് കളിച്ചിട്ടും ബാറ്റിംഗ് ശരാശരി 30കളിലുള്ള ഒരു കളിക്കാരൻ ഇപ്പോഴും ടീമിൽ സ്ഥാനം നിലനിർത്തുന്നുവെങ്കിൽ അവൻ ഭാഗ്യവനാണെന്ന് പറയേണ്ടിവരും. ജനുവരി മൂന്നിന് കേപ്ടൗണിൽ തുടങ്ങുന്ന ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും തിളങ്ങിയില്ലെങ്കിൽ ടെസ്റ്റ് ടീമിലെ അവന്റെ സ്ഥാനം ഇളകി തുടങ്ങുമെന്നും കാർത്തിക് ക്രിക് ബസിനോട് പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റിൽ വർഷങ്ങളായി റൺസടിച്ചു കൂട്ടുന്ന സർഫറാസ് ഖാനെപ്പോലെയുള്ള കളിക്കാരെ ഇനിയെങ്കിലും ടീമിലേക്ക് പരിഗണിക്കേണ്ടിയിരിക്കുന്നു. മധ്യനിരയിൽ അവന്റെ പേരാണ് ശരിക്കും ഇന്ത്യ മിസ് ചെയ്യുന്നത്. അവൻ അധികം വൈകാതെ ടെസ്റ്റ് ടീമിലെത്തുമെന്ന് എനിക്കുറപ്പുണ്ട്. അവനല്ലാതെ മധ്യനിരയിൽ കളിപ്പിക്കാവുന്ന മറ്റു പേരുകളൊന്നും ആഭ്യന്തര ക്രിക്കറ്റിൽ ഇപ്പോഴില്ല.
സർഫറാസ് കഴിഞ്ഞാൽ പരിഗണിക്കാവുന്നത് രജത് പാടീദാറാണ്. അവനും മധ്യനിരയിലെ സ്ഥിരസാന്നിധ്യമാവാൻ അധികം കാത്തിരിക്കേണ്ടിവരില്ലെന്നും കാർത്തിക് പറഞ്ഞു. ടെസ്റ്റിൽ ഓപ്പണറായി തുടങ്ങിയ ശുഭ്മാൻ ഗിൽ യശസ്വി ജയ്‌സ്വാൾ ഓപ്പണറായി എത്തിയതോടെ മൂന്നാം നമ്പറിലേക്ക് മാറിയിരുന്നു.
ടെസ്റ്റ് കരിയറിൽ ഇതുവരെ കളിച്ച 35 ഇന്നിംഗ്‌സുകളിൽ നിന്ന് 31.06 ശരാശരിയിൽ 994 റൺസെ ഗില്ലിന് നേടാനായിട്ടുള്ളു. ടെസ്റ്റിൽ അവസാന രണ്ട് ഫിഫ്റ്റി പ്ലസ് സ്‌കോറുകൾ ഗിൽ നേടിയത് ഈ വർഷം മാർച്ചിലാണ്.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിൽ 128 റൺസായിരുന്നു ഉയർന്ന സ്‌കോർ. എന്നാൽ അവസാനം കളിച്ച ഏഴ് ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ 29 റൺസാണ് ഗില്ലിന്റെ ഉയർന്ന ടെസ്റ്റ് സ്‌കോർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്