ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാകില്ലെന്ന യാഥാർത്ഥ്യത്തോട് പ്രതികരിച്ച് മുൻ സ്വീഡിഷ് ഇതിഹാസ താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച്. ഫിഫ ലോകകപ്പിന് ഇനി റൊണാൾഡോയെയും, റൊണാൾഡോയ്ക്ക് ലോകകപ്പിനെയും പരസ്പരം നഷ്ടമാകുമെന്ന് സ്ലാറ്റൻ പറഞ്ഞു.
ലോകകപ്പ് നേടുക എന്നത് ലോകത്തിലെ ഏറ്റവും പ്രയാസമേറിയ കാര്യമാണെന്നും, പങ്കെടുത്ത എല്ലാ ടൂർണമെന്റുകളിലും കിരീടം മാത്രം ലക്ഷ്യമിട്ട് ഇറങ്ങിയ ഒരു കളിക്കാരന് അത് നേടാനാകാതെ പോകുന്നത് ഹൃദയഭേദകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫൊക്സ് സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു സ്ലാറ്റൻ.
"അദ്ദേഹം ഫുട്ബോളിനായി ചെയ്ത എല്ലാ കാര്യങ്ങളോടും ഞാൻ പൂർണ്ണമായി ബഹുമാനിക്കുന്നു. അത്രയേറെ വലിയ നേട്ടങ്ങളാണ് അദ്ദേഹം സ്വന്തമാക്കിയത്. ലോകകപ്പിന് അദ്ദേഹത്തെയും അദ്ദേഹത്തിന് ലോകകപ്പിനെയും തീർച്ചയായും നഷ്ടമാകും. ലോകകപ്പ് നേടാനാണ് അദ്ദേഹം പരമാവധി ശ്രമിച്ചത്. എന്നാൽ ജയിക്കുക എന്നത് ഏറ്റവും പ്രയാസമേറിയ കാര്യമാണ്. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കുക എന്നതാണ് അദ്ദേഹത്തിന്റെ മാനസികാവസ്ഥ. എന്തായാലും ലോകം അദ്ദേഹത്തെ മിസ്സ് ചെയ്യും. എന്നാൽ താൻ ദേശീയ ടീമിൽ നിന്ന് വിരമിച്ചതായി അദ്ദേഹം പറഞ്ഞിട്ടില്ല," സ്ലാറ്റൻ ഇബ്രാഹിമോവിച്ച് വ്യക്തമാക്കി.
തുടർന്ന് എന്താണ് സംഭവിക്കുക എന്ന് കാത്തിരുന്ന് കാണാമെന്നും, ഏത് ജേഴ്സിയിലാണെങ്കിലും ക്രിസ്റ്റ്യാനോ കളത്തിലിറങ്ങുമ്പോൾ അത് ആസ്വദിക്കാൻ ലോകം തയ്യാറാകണമെന്നും സ്ലാറ്റൻ കൂട്ടിച്ചേർത്തു. യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾക്കൊപ്പം എല്ലാ പ്രധാന കിരീടങ്ങളും പോർച്ചുഗലിനൊപ്പം യൂറോ കപ്പും സ്വന്തമാക്കിയ 41-കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പക്ഷേ ഫിഫ ലോകകപ്പ് എന്ന സ്വപ്നം മാത്രം എക്കാലത്തും അകലെയായിരുന്നു.
ടെക്സാസിൽ നടന്ന കഴിഞ്ഞ പ്രീ-ക്വാർട്ടർ മത്സരത്തിൽ തിളങ്ങാൻ കഴിയാതെ പോർച്ചുഗൽ പുറത്തായതോടെയാണ് റൊണാൾഡോയുടെ അവസാന ലോകകപ്പ് പോരാട്ടങ്ങൾക്കും നിരാശയോടെ അന്ത്യമായത്. തന്റെ കരിയറിലെ അടുത്ത അധ്യായം എന്തായിരിക്കുമെന്ന് ചിന്തിക്കാൻ തനിക്ക് സമയം വേണമെന്ന് മത്സരശേഷം താരം വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
