ദേശീയ ടീമിന്റെ ക്യാംപ് വിട്ട സംഭവത്തിൽ പോർച്ചുഗീസ് ഫെഡറേഷനെടുക്കുന്ന ഏത് നടപടിയും സ്വീകരിക്കുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷൻ ഇത് വിലയിരുത്തുകയും നടപടിയെടുക്കുകയും വേണമെന്നും പരിശീലകൻ യൊർഗെ ജെസ്യൂസ് തനിക്ക് നൽകിയ വാക്കുകൾ പാലിക്കാത്തതിനാലാണ് ക്യാംപ് വിട്ടതെന്നും റൊണാൾഡോ വ്യക്തമാക്കി. അതേസമയം ടീം ക്യാംപ് വിട്ടതിൽ സഹതാരങ്ങളോട് ക്രിസ്റ്റ്യാനോ മാപ്പ് പറഞ്ഞു.
'വാക്കുകൾ വീണ്ടും ലംഘിക്കപ്പെടുന്നതുവരെ കാത്തിരിക്കാതെ ഞാൻ ക്യാംപ്് വിടാൻ തീരുമാനിച്ചു. ആളുകൾ തമ്മിലുള്ള ബന്ധത്തിൽ സത്യം തന്നെയാണ് എനിക്ക് ഇപ്പോഴും ഏറ്റവും പ്രധാനപ്പെട്ട കാര്യം. അത് എത്രമാത്രം വേദനിപ്പിച്ചാലും, അവർ എന്നോട് സത്യം പറയട്ടെ.'
'ആ വാർത്താസമ്മേളനം നടന്ന ദിവസത്തെ രാവിലെ, ഫെഡറേഷൻ പ്രസിഡന്റുമായും കോച്ചുമായും വിഷയം സംസാരിച്ചെന്നും ഇക്കാര്യം അവർ സ്ഥിരീകരിക്കുമെന്നും റൊണാൾഡോ കുറിച്ചു. എന്നെ അവിടെ ആവശ്യമില്ലെങ്കിൽ അവർ അത് എന്നോട് പറയണമെന്ന് ഞാൻ വീണ്ടും വ്യക്തമാക്കി. അവർ എന്നോട് തുറന്നുപറഞ്ഞാൽ മാത്രം മതിയായിരുന്നു. ഞാൻ അത് അംഗീകരിക്കുമായിരുന്നു. അവർ ഒരേ സ്വരത്തിൽ മറുപടി നൽകി. ദേശീയ ടീമിൽ എനിക്ക് സ്ഥാനം ഉണ്ടെന്നായിരുന്നു അവർ പറഞ്ഞത്.'
ഏകദേശം 25 വർഷത്തെ കരിയറിൽ, ഒരു കോച്ചിന്റെയോ ദേശീയ ടീം മാനേജരുടെയോ ഒരു തന്ത്രപരമായ തീരുമാനത്തിലും ഞാൻ ഒരു നിമിഷം പോലും ഇടപെട്ടിട്ടില്ല. അവർ എന്തുചെയ്യാൻ നിർദ്ദേശിക്കുന്നുവോ, അത് നല്ലതിനായാലും അല്ലെങ്കിലും ഞാൻ അംഗീകരിക്കുന്നു. ആ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു, എന്നാൽ അവർ എനിക്ക് നൽകിയ വാക്ക് പാലിക്കാത്തപ്പോൾ, എന്റെ സ്ഥാനം അവിടെയല്ലെന്ന് എനിക്ക് തോന്നി.' റൊണാൾഡോ പറഞ്ഞു.
'ക്യാംപ് വിട്ടുപോയതിന് എന്റെ ദേശീയ ടീമിലെ സഹതാരങ്ങളോട് ഞാൻ മാപ്പ് ചോദിക്കുന്നു. കോച്ചിന്റെ വാക്കിലുള്ള വിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ടുവെങ്കിലും ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. അതിന്റെ ഉത്തരവാദിത്തം പൂർണ്ണമായും എന്റേത് മാത്രമാണ്. പോർച്ചുഗീസ് ജനതയോട് ഞാൻ ഒരിക്കൽ കൂടി മാപ്പ് ചോദിക്കുന്നു, എന്നാൽ വാക്കുപാലിക്കപ്പെടാതെ പോകുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ആഘാതമാണ്.'
റൊണാൾഡോയ്ക്ക് ആറു മാസം വരെ വിലക്ക് ലഭിച്ചേക്കാം. പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷന്റെ അച്ചടക്ക നിയമപ്രകാരം ടീം ക്യാംപ് വിടുന്ന കളിക്കാർക്ക് ഒരു മാസം മുതൽ ആറു മാസം വരെ വിലക്ക് ലഭിക്കാം. ക്യാംപ് വിട്ട ദിവസം മുതൽ ഈ വിലക്ക് പ്രാബല്യത്തിലായെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. എങ്കിലും അദ്ദേഹത്തിന് ചില ഇളവുകൾ ലഭിക്കാനും സാധ്യതയുണ്ട്.
സോഷ്യൽ മീഡിയയിലൂടെയുള്ള പരസ്യമായ ക്ഷമാപണം ക്രിസ്റ്റ്യാനോയ്ക്ക് അനുകൂലമായേക്കും. ഫെഡറേഷന്റെ അച്ചടക്ക സമിതി യോഗം ചേർന്ന ശേഷമായിരിക്കും താരത്തിന് ഔദ്യോഗിക നോട്ടീസ് അയക്കുക. സമിതിക്ക് മുന്നിൽ ഹാജരാകുമ്പോൾ സ്വന്തം ഭാഗം വിശദീകരിക്കാൻ അവസരമുണ്ടാകും. ഉപാധികളില്ലാതെ കുറ്റം സമ്മതിക്കുകയും അതിന്റെ സത്യാവസ്ഥയിൽ സംശയമില്ലാതിരിക്കുകയും ചെയ്താൽ കൂടുതൽ വിചാരണ ഒഴിവാകും. ഒപ്പം കുറഞ്ഞതും കൂടിയതുമായ ശിക്ഷാ കാലാവധി പകുതിയായി കുറയ്ക്കുകയും ചെയ്യാം. തെറ്റ് നിബന്ധനകളില്ലാതെ ഏറ്റ് പറഞ്ഞതിനാൽ റൊണാൾഡോയുടെ ശിക്ഷ പകുതിയായി കുറയ്ക്കാനാണ് സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
