ഡൽഹി: ഒരുകാലത്ത് ഇന്റർനെറ്റ് ലോകത്ത് തരംഗമായിരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഓർക്കുട്ട് വീണ്ടും അവതരിപ്പിക്കാനുള്ള നീക്കവുമായി സ്ഥാപകൻ ഓർക്കുട്ട് ബുയൂക്കോക്ടെൻ. സൗഹൃദങ്ങൾക്കും കൂട്ടായ്മകൾക്കും യഥാർഥ മനുഷ്യബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന രീതിയിൽ പ്ലാറ്റ്‌ഫോം തിരിച്ചുകൊണ്ടുവരാനാണ് ആലോചന. ഇതിനായി അദ്ദേഹം ഇന്റർനെറ്റ് ഉപയോക്താക്കളുടെ പിന്തുണ തേടിയിട്ടുണ്ട്. എന്നാൽ പുതിയ പ്ലാറ്റ്‌ഫോം എപ്പോൾ പുറത്തിറങ്ങുമെന്ന കാര്യത്തിൽ വ്യക്തത നൽകിയിട്ടില്ല.
ഓർക്കുട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച തുറന്ന കത്തിലാണ് തിരിച്ചുവരവിനുള്ള ആശയം അദ്ദേഹം വിശദീകരിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ സാമൂഹിക മാധ്യമങ്ങൾ മാറിയ രീതിയെ അദ്ദേഹം വിമർശിച്ചു. യഥാർഥ ബന്ധങ്ങൾ വളർത്തുന്നതിനേക്കാൾ ഉപയോക്താക്കളുടെ ശ്രദ്ധ പരമാവധി പിടിച്ചുനിർത്താനാണ് ഇന്നത്തെ പല പ്ലാറ്റ്‌ഫോമുകളും ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
മറ്റൊരു ഭൂഖണ്ഡത്തിലുള്ള അപരിചിതനിൽനിന്ന് സന്ദേശം ലഭിക്കുന്നത് പോലും ഒരുകാലത്ത് വലിയ സന്തോഷം നൽകിയിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു. അന്നത്തെ ഇന്റർനെറ്റ് അനുഭവങ്ങളിൽ മനുഷ്യബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യമുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ന് അൽഗോരിതങ്ങൾ മുൻഗണന നേടുകയും യഥാർഥ ബന്ധങ്ങൾ പിന്നിലാകുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഇന്നത്തെ തലമുറയിൽ ഉത്കണ്ഠയും ഏകാന്തതയും വർധിക്കുന്നതിനെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ഗൂഗിളിൽ എൻജിനീയറായിരുന്ന ഓർക്കുട്ട് ബുയൂക്കോക്ടെൻ 2004 ജനുവരിയിലാണ് ഈ സോഷ്യൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോം ആരംഭിച്ചത്. ഇന്ത്യയിലും ബ്രസീലിലും വലിയ ജനപ്രീതി നേടിയ ഓർക്കുട്ട്, പ്രൊഫൈലുകൾ, കമ്മ്യൂണിറ്റികൾ, ടെസ്റ്റിമോണിയലുകൾ തുടങ്ങിയ സവിശേഷതകളിലൂടെ ആളുകളെ ബന്ധിപ്പിച്ചു.
പിന്നീട് ഫെയ്‌സ്ബുക്ക് ഉൾപ്പെടെയുള്ള മറ്റ് സാമൂഹിക മാധ്യമങ്ങൾ ജനപ്രീതി നേടിയതോടെ ഓർക്കുട്ടിന്റെ സ്വാധീനം കുറഞ്ഞു. ഒടുവിൽ 2014 സെപ്റ്റംബറിൽ ഗൂഗിൾ പ്ലാറ്റ്‌ഫോം അടച്ചുപൂട്ടി. പത്ത് വർഷത്തിലേറെ പിന്നിട്ട ശേഷമുള്ള തിരിച്ചുവരവ് നീക്കം യാഥാർഥ്യമാകുമോ എന്ന ആകാംക്ഷയിലാണ് പഴയ ഓർക്കുട്ട് ഉപയോക്താക്കൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
