പാരിസ്: വ്യാഴാഴ്ച രാവിലെ യൂറോപ്പിലുടനീളമുള്ള വിമാനങ്ങള്‍ക്ക് കൂട്ടത്തോടെ ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് സര്‍വീസുകള്‍ താറുമാറായി. സന്ദേശങ്ങള്‍ ലഭിച്ച ഉടന്‍ തന്നെ വിമാനങ്ങള്‍ അടിയന്തരമായി സുരക്ഷാ അകമ്പടിയോടെ നിലത്തിറക്കി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സമാനമായ രീതിയില്‍ ഭീഷണികള്‍ ഉയരുന്നത്. സമഗ്രമായ പരിശോധനയില്‍ ഇവയെല്ലാം വ്യാജഭീഷണികളാണെന്ന് തെളിഞ്ഞെങ്കിലും, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതും അടിയന്തര ലാന്‍ഡിങ് നടത്തിയതും വ്യോമഗതാഗതത്തെ സാരമായി ബാധിച്ചു.
ഡബ്ലിനില്‍ നിന്ന് റോമിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ലിംഗസ് വിമാനം മുന്‍കരുതല്‍ നടപടിയായി പാരിസിന് പടിഞ്ഞാറുള്ള എവ്രു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. കോപ്പന്‍ഹേഗന്‍, മാഡ്രിഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ സോഫിയയിലും ലണ്ടനില്‍ നിന്നുള്ള വിമാനം പ്ലോവ്ഡീവിലും അടിയന്തരമായി ലാന്‍ഡ് ചെയ്തു. പ്രാഗിലേക്ക് പുറപ്പെടേണ്ടിയിരുന്ന നാല് വിമാനങ്ങള്‍ക്കും സമാനമായ ഭീഷണി ലഭിച്ചതായി ചെക്ക് പൊലീസ് അറിയിച്ചു. ഹെല്‍സിങ്കിയില്‍ നിന്ന് റോമിലേക്ക് പോയ ഫിന്‍എയര്‍ വിമാനത്തിന് ഇറ്റാലിയന്‍ വ്യോമസേന സുരക്ഷാ അകമ്പടി നല്‍കിയപ്പോള്‍, മറ്റൊരു ഫിന്‍എയര്‍ വിമാനം വിയന്നയിലാണ് ഇറങ്ങിയത്.
വാഴ്സയില്‍ നിന്ന് ബ്രസല്‍സിലേക്ക് പോയ പോളിഷ് എയര്‍ലൈന്‍ വിമാനത്തിലും കര്‍ശന പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഈ ഭീഷണികളുടെ ഉത്തരവാദിത്വം നിലവില്‍ ഔദ്യോഗികമായി ആരും ഏറ്റെടുത്തിട്ടില്ല. എങ്കിലും റഷ്യയും ഇറാനും ചേര്‍ന്ന് യൂറോപ്പിനെതിരെ ഹൈബ്രിഡ് ആക്രമണങ്ങളും അട്ടിമറി ശ്രമങ്ങളും നടത്തുകയാണെന്ന് യൂറോപ്യന്‍ അധികൃതര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ മോസ്‌കോയും ടെഹ്റാനും ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായി നിഷേധിക്കുകയാണ് ഉണ്ടായത്. നേരത്തെ യൂറോപ്യന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഫ്രീസറുകള്‍ ലക്ഷ്യമിട്ട് നടന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഉത്തര കൊറിയയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. വ്യോമമേഖലയിലെ ഭീഷണികളും ഇത്തരം ബഹുമുഖ ആക്രമണങ്ങളുടെ തുടര്‍ച്ചയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
സുരക്ഷാ ഭീതി സൃഷ്ടിച്ച് ജനങ്ങളിലും രാജ്യങ്ങളുടെ സാമ്പത്തിക രംഗത്തും സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ് ഈ തന്ത്രങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് സുരക്ഷാ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
