ലോകകപ്പ് ഫുട്‌ബോളിൽ കരുത്തരായ നെതർലൻഡ്‌സിനെ സമനിലയിൽ തളച്ച് ഏഷ്യൻ കരുത്തരായ ജപ്പാൻ. രണ്ട് തവണ ഡച്ച് പട മുന്നിലെത്തിയിട്ടും മികച്ച പോരാട്ടം നടത്തി രണ്ടു തവണയും തിരിച്ചടിച്ചാണ് ജപ്പാൻ സമനില പിടിച്ച് വാങ്ങിയത്. ഇരു ടീമുകളും രണ്ട് ഗോൾ വീതം അടിച്ച് പിരിഞ്ഞ മത്സരത്തിൽ ആദ്യ പകുതി അല്പം വിരസമായിരുന്നെങ്കിലും രണ്ടാം പകുതി മികച്ച പോരാട്ടത്തിനാണ് ഡാളസിലെ മൈതാനം സാക്ഷ്യം വഹിച്ചത്.
ഡച്ച് പടയ്ക്കായി ക്യാപ്ടൻ വിർജിൽ വാൻഡൈക്കും ക്രിസെൻസിയോ സമ്മർവില്ലെയും വല കുലുക്കിയപ്പോൾ, കെയ്‌റ്റോ നാക്കാമുറയിലൂടെയും ഡയ്ച്ചി കമാഡയിലൂടെയുമായിരുന്നു ജപ്പാന്റെ മികച്ച മറുപടി. കളിയുടെ തുടക്കം മുതൽ പന്ത് നെതർലാൻഡിന്റെ കൈയിലായിരുന്നു. ഫ്രാങ്കി ഡിയോങ്ങും ടീയാനി റൈൻഡേഴ്‌സും ചേർന്ന് മധ്യനിര ഭരിച്ചപ്പോൾ മൂന്നാം മിനിറ്റിൽ തന്നെ ഡച്ചുകാർ ഗോളിനടുത്തെത്തി. കോഡി ഗാക്‌പോ നൽകിയ പന്തിൽ നിന്നുള്ള ഡോൺയൽ മാലന്റെ വെടിയുണ്ട പോലുള്ള ഷോട്ട് ജപ്പാൻ ഗോളി സിയോൺ സുസുക്കി അവിശ്വസനീയമാം വിധം തട്ടിയകറ്റുകയായിരുന്നു.
പ്രതിരോധം കോട്ടപോലെ ഉറപ്പിച്ചു നിർത്തിയ ഡച്ചുകാർ ജപ്പാന് മുന്നേറാൻ ഒരിടവും നൽകിയില്ല. 34-ാം മിനിറ്റിലും മാലന്റെ തകർപ്പൻ ഹെഡർ തടുത്തിട്ട് സുസുക്കി ജപ്പാന്റെ രക്ഷകനായി അവതരിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ നാക്കാമുറയ്ക്കും അയാസെ ഉദയ്ക്കും കിട്ടിയ സുവർണ്ണ അവസരങ്ങൾ ജപ്പാൻ പാഴാക്കുകയും ചെയ്തു.
രണ്ടാം പകുതി തുടങ്ങിയതോടെ ഡച്ചുകാർ വീണ്ടും കളി കടുപ്പിച്ചു. 51-ാം മിനിറ്റിൽ റയൻ ഗ്രാവെൻബെർക്ക് ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് അത്യുഗ്രൻ ഹെഡറിലൂടെ ഡച്ച് ക്യാപ്ടൻ വിർജിൽ വാൻഡൈക്ക് വലയിലെത്തിച്ചതോടെ നെതർലൻഡ്‌സ് (1-0) മുന്നിലെത്തി. എന്നാൽ വിട്ടുകൊടുക്കാൻ ജപ്പാന്റെ സമുറായിപ്പട തയ്യാറല്ലായിരുന്നു. വെറും ആറ് മിനിറ്റിനുള്ളിൽ ജപ്പാൻ മറുപടി നൽകി. 57-ാം മിനിറ്റിൽ ഇടതുവിങ്ങിലൂടെ കുതിച്ചെത്തിയ ടക്കെഫുസ കുബോ നൽകിയ പാസ് സ്വീകരിച്ച് കെയ്‌റ്റോ നാക്കാമുറ തൊടുത്ത ഷോട്ട് ഡിഫൻഡറുടെ കാലിൽ തട്ടി ഗതിമാറി ഡച്ച് വലയിൽ കയറുകയായിരുന്നു (1-1).
തുല്യത പാലിച്ചതോടെ കളി പിന്നെയും ചൂടുപിടിച്ചു. 64-ാം മിനിറ്റിൽ ഗ്രാവെൻബെർക്കിന്റെ പാസ് സ്വീകരിച്ച് ക്രിസെൻസിയോ സമ്മർവില്ലെ ബോക്‌സിന്റെ വലതുഭാഗത്തുനിന്ന് അടിച്ച മനോഹരമായ ഇടംകാലനടി പോസ്റ്റിന്റെ ഇടതുമൂല തുളച്ചുകയറിയതോടെ നെതർലൻഡ്‌സ് വീണ്ടും മുന്നിലെത്തി (2-1). കളി കൈവിട്ടുപോകുമെന്ന് തോന്നിച്ച നിമിഷം.
തോൽവി സമ്മതിക്കാതെ ജപ്പാൻ ഡച്ച് ഗോൾമുഖം നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ കളി തീരാൻ വെറും ഒരൊറ്റ മിനിറ്റ് ബാക്കിനിൽക്കെ (89-ാം മിനിറ്റിൽ) സ്റ്റേഡിയത്തെ ആവേശക്കടലാക്കി ആ ചരിത്ര നിമിഷം പിറന്നു. കോക്കി ഒഗാവ എടുത്ത ഉഗ്രൻ കോർണർ കിക്ക് വായുവിൽ ഉയർന്നുചാടി ഒരു ബുളളറ്റ് ഹെഡറിലൂടെ ഡയ്ച്ചി കമാഡ ഡച്ച് വലയ്ക്കുള്ളിലാക്കി! ഇത് ജപ്പാന് ആവേശ സമനില സമ്മാനിക്കുന്നതായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
