ബ്യൂണസ് ഐറിസ്: ആരാധകരെ ആവേശത്തിലാക്കി ഫുട്‌ബോളിലെ ബദ്ധവൈരികളായ അർജന്റീനയും ബ്രസീലും ഒരിക്കൽകൂടി ഏറ്റുമുട്ടിയപ്പോൾ മഞ്ഞപ്പടയ്ക്ക് നിരാശ. മെസ്സിയില്ലാതെ ഇറങ്ങിയ ലോകചാമ്പ്യന്മാർക്കുമുന്നിൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് ബ്രസീൽ തകർന്നടിഞ്ഞു. ബ്രസീലിൽ നെയ്മറും ഇല്ലായിരുന്നു.
ബ്രസീലിന് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മത്സരമായിരുന്നു ഇന്നലത്തേത്. മത്സരത്തിന്റെ ആദ്യ നാല് മിനിറ്റിനുള്ളിൽ തന്നെ അർജന്റീന ലീഡ് നേടി, അതിനുശേഷം മത്സരത്തിന്റെ പൂർണ്ണ നിയന്ത്രണം ലോകചാമ്പ്യന്മാരിലായിരുന്നു. ഏതാണ്ട് ഏകപക്ഷീയമെന്ന് പറയാവുന്ന മത്സരമാണ് കാണികൾക്ക് അർജന്റീന സമ്മാനിച്ചത്.
നാലാം മിനിറ്റിൽ ജൂലിയൻ ആൽവരെസാണ് അർജന്റീനയുടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. 12-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് അടുത്ത ഗോളും നേടി. ഇതിനിടെ 27-ാം മിനിറ്റിൽ മാത്യൂസ് കുൻഹയിലൂടെ ബ്രസീൽ ഒരുഗോൾ മടക്കി. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് 37-ാം മിനിറ്റിൽ അലെക്‌സിസ് മാക് അലിസ്റ്റർ അർജന്റീനയുടെ സ്‌കോർ മൂന്നാക്കി ഉയർത്തി. ജുലിയാനോ സിമിയോനെയാണ് 71-ാം മിനിറ്റിൽ ഗോൾപട്ടിക തികച്ചത്.
രണ്ടാം പകുതിയിൽ തിയാഗോ അൽമാഡയ്ക്ക് പകരമായിട്ടാണ് ഗ്യുലിയാനോ സിമിയോനെയെ സ്‌കലോണി കളത്തിലിറക്കിയത്. അർജന്റീനയ്ക്കായുള്ള താരത്തിന്റെ ആദ്യ ഗോൾകൂടിയായിരുന്നു ഇത്.
ലോകകപ്പിന്റെ തെക്കേ അമേരിക്കൻ യോഗ്യതാറൗണ്ടിലാണ് അർജന്റീനയും ബ്രസീലും നേർക്കുനേർ എത്തിയത്. മത്സരം അവസാനിക്കും മുമ്പ് തന്നെ അർജന്റീന 2026ലെ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. യുറോഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്.
ബ്രസീലിനെ ഗോൾമഴയിൽ മുക്കുകയും ചെയ്തതോടെ രാജകീയമായി തന്നെ ലോകചാമ്പ്യന്മാർ 2026ലേക്ക് പ്രവേശനം നേടിക്കഴിഞ്ഞു. ലോകകപ്പ് യോഗ്യതയ്ക്കായി ബ്രസീലിന് ഇനിയും ഒരുപാട് ദൂരംതാണ്ടേണ്ടി വരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്