തിരുവനന്തപുരം: ഈ വർഷം നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലെ അത്‌ലറ്റിക്‌സിനുള്ള യോഗ്യതാ മാർക്ക് പ്രഖ്യാപിച്ച് അത്‌ലറ്റക്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിലെ നാലാം സ്ഥാനത്തെത്തിയ സമയം/ദൂരമാണ് ഇത്തവണ യോഗ്യതാ മാർക്കായി നിശ്ചയിച്ചിരിക്കുന്നത്. ജൂലായ് ആഗസ്റ്റ് മാസങ്ങളിൽ സ്‌കോട്ട്‌ലാൻഡിലെ ഗ്‌ളാസ്‌ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലെ അത്‌ലറ്റിക്‌സിൽ ഇക്കുറി ഇന്ത്യയിൽ നിന്ന് 32 താരങ്ങളെ മാത്രമേ പങ്കെടുപ്പിക്കാനാകൂ. അതിനാൽ ഈവർഷം തന്നെ നടക്കുന്ന ഏഷ്യൻ ഗെയിംസിലാണ് കൂടുതൽ ശ്രദ്ധിക്കുന്നതെന്ന് അത്‌ലറ്റിക് ഫെഡറേഷൻ സീനിയർ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോർജ് കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് സമർപ്പിക്കേണ്ട അവസാന തീയതി നേരത്തേയാക്കിയതിനാൽ അത്‌ലറ്റിക്‌സ് ഫെഡറേഷൻ നേരത്തേ പുറത്തിറക്കിയ ഈവർഷത്തെ മത്സരകലണ്ടറിൽ മാറ്റംവരുത്തിയതായും അഞ്ജു ബോബി ജോർജ് അറിയിച്ചു. ജൂനിയർ സീനിയർ തലങ്ങളിലായി 40 മീറ്റുകളാണ് എ.എഫ്.ഐ ഈ വർഷം നടത്തുന്നത്. മേയ് 22 മുതൽ 25 വരെ റാഞ്ചിയിൽ നടക്കുന്ന ദേശീയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് കോമൺവെൽത്ത് ഗെയിംസിന് യോഗ്യത നേടുന്നതിനുള്ള അവസാന അവസരമായി നിശ്ചയിച്ചു. ഏഷ്യർ അണ്ടർ 23 ചാമ്പ്യൻഷിപ്പിലേയ്ക്കുള്ള യോഗ്യതമത്സരവുംകൂടിയായിരിക്കും മീറ്റ്. ജൂൺ 24ന് ഭുവനേശ്വറിൽ ആരംഭിക്കുന്ന സീനിയർ ഇന്റർ സ്‌റ്റേറ്റ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പാണ് ഏഷ്യൻ ഗെയിംസിന് യോഗ്യത നേടാനുള്ള അവസാന അവസരം. ഏഷ്യൻ ഗെയിംസിന്റെ യോഗ്യതാമാനദണ്ഡം നേരത്തേ പ്രഖ്യാപിച്ചിരുന്നു.
സെപ്തംബറിൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് മുന്നോടിയായി മേയിൽ ബോട്‌സ്വാനയിൽ നടക്കുന്ന ലോക റിലേ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ടീം പങ്കെടുക്കും. മാർച്ച് 28ന് ചണ്ഡിഗഡിൽ ദേശീയ ഓപ്പൺ റിലേ ചാമ്പ്യൻഷിപ്പും സംഘടിപ്പിക്കും. 2036 ഒളിമ്പിക്‌സ് ആതിഥേയത്വം വഹിക്കാനുള്ള നടപടികളുമായി രാജ്യം മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിൽ അത്‌ലറ്റിക്‌സിൽ കൂടുതൽ മെഡലുകൾ ലക്ഷ്യമിടുന്നതായും അഞ്ജു പറഞ്ഞു. അന്താരാഷ്ട്ര മീറ്റുകളിൽ മെഡൽ സാദ്ധ്യതയുള്ള ജാവലിൻ,റിലേ, ലോംഗ്ജമ്പ് തുടങ്ങി ഒൻപത് ഇനങ്ങളിലാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്ന് പത്രസമ്മേളനത്തിൽ ഒപ്പമുണ്ടായിരുന്ന ഇന്ത്യൻ അത്‌ലറ്റിക്‌സ് ടീം ചീഫ് കോച്ച് രാധാകൃഷ്ണൻ നായർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
