2026 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന്റെ മിനി താരലേലം ഡിസംബർ 16ന് അബുദാബിയിൽ നടക്കും. നവംബർ 30 ഞായറാഴ്ചയാണ് മിനി ലേലത്തിനായുള്ള രജിസ്‌ട്രേഷൻ സമയപരിധി അവസാനിച്ചത്.
1,355 താരങ്ങളാണ് മിനി താരലേലത്തിന് വേണ്ടി രജിസ്റ്റർ ചെയ്തത്.
ഓസ്‌ട്രേലിയൻ സൂപ്പർതാരം കാമറൂൺ ഗ്രീൻ ഉൾപ്പെടെ 45 താരങ്ങൾക്കാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ടു കോടി രൂപ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യൻ താരങ്ങളായ വെങ്കടേഷ് അയ്യരും രവി ബിഷ്‌ണോയിയുമാണ് രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങൾ.
ഓസീസ് ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ പേര് ലേല പട്ടികയിൽ ഇല്ല. നെതർലൻഡ്‌സ്, സ്‌കോട്ട്‌ലൻഡ്, യുഎസ്എ ഉൾപ്പെടെ 14 രാജ്യങ്ങളിൽനിന്നുള്ള താരങ്ങളാണ് ഐപിഎൽ ലേലത്തിനെത്തുന്നത്.
ഐപിഎൽ മിനി താരലേലത്തിനെത്തുമ്പോൾ പത്ത് ഫ്രാഞ്ചൈസികൾക്കുമായി ചെലവഴിക്കാൻ 237.55 കോടി രൂപയാണ് അവശേഷിക്കുന്നത്. ഏറ്റവും കൂടുതൽ തുക കൈയിലുള്ളത് മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ്. 64.3 കോടി രൂപയാണ് കൊൽക്കത്തയ്ക്ക് ലേലത്തിൽ ചെലവഴിക്കാൻ കഴിയുക. ടീമിൽ 13 കളിക്കാരെ ഉൾപ്പെടുത്താൻ കെകെആറിന് അവസരമുണ്ട്.
കെകെആറിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്‌സാണ് ലേലത്തുകയിൽ രണ്ടാമതുള്ളത്. 43.4 കോടി രൂപയാണ് സിഎസ്‌കെയുടെ പഴ്‌സിലുള്ളത്. സൺറൈസേഴ്‌സ് ഹൈദരാബാദ് (25.5 കോടി), ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (22.9 കോടി), ഡൽഹി ക്യാപിറ്റൽസ് (21.8 കോടി), റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (16.4 കോടി), രാജസ്ഥാൻ റോയൽസ് (16.05 കോടി), ഗുജറാത്ത് ടൈറ്റൻസ് (12.9 കോടി), പഞ്ചാബ് കിംഗ്‌സ് (11.5 കോടി) എന്നിങ്ങനെയാണ് മറ്റ് ടീമുകൾക്ക് ലേലത്തിനായി ബാക്കിയുള്ള തുക. പ്രധാന താരങ്ങളെ നിലനിർത്തിയ മുംബൈ ഇന്ത്യൻസിന് വെറും 2.75 കോടി രൂപ മാത്രമാണ് ലേലത്തിന് വേണ്ടി അവശേഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
