ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ഗോൾരഹിത സമനിലയിൽ പിരിഞ്ഞ് ആഴ്‌സണലും ലിവർപൂളും. ആഴ്‌സണലിന്റെ തട്ടകത്തിലായിരുന്നു മത്സരം. ഈ സീസണിൽ ഇതാദ്യമായാണ് ആഴ്‌സണൽ ഹോംഗ്രൗണ്ടിൽ ഗോൾ നേടാതിരിക്കുന്നത്. സമനിലയിലായെങ്കിലും പോയിന്റ് പട്ടികയിൽ ആഴ്‌സനൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 21 മത്സരങ്ങളിൽ നിന്ന് 49 പോയിന്റാണ് ആഴ്‌സണലിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 21 മത്സരങ്ങളിൽ 43 പോയിന്റും.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മറ്റ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയും ബ്രൈറ്റണും 1-1നും മാഞ്ചസ്റ്റർ യുണൈറ്റഡും ബേൺലിയും 2-2നും സമനിലയിൽ പിരിഞ്ഞു. ഫുൾഹാം ചെൽസിയെ 2-1ന് തോൽപ്പിച്ചു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 41-ാം മിനിട്ടിൽ എർലിംഗ് ഹാലാൻഡ് പെനാൽറ്റിയിലൂടെ നേടിയ ഗോളിന് സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 60-ാം മിനിട്ടിൽ കാവോരു മിതോമ നേടിയ ഗോളിന് ബ്രൈറ്റൺ സമനില പിടിച്ചു.
ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിൽക്കുകയും രണ്ടാം പകുതിയിൽ ഒരു ഗോളിന് മുന്നിൽ നിൽക്കുകയും ചെയ്തിട്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ബേൺലിയോട് സമനില വഴങ്ങിയത്. 13-ാം മിനിട്ടിൽ എയ്ഡൻ ഹാവെന്റെ സെൽഫ് ഗോളിലൂടെ ബേൺലി മുന്നിലെത്തിയിരുന്നു. എന്നാൽ 50-ാം മിനിട്ടിലും 60-ാം മിനിട്ടിലും ബെഞ്ചമിൻ സെസ്‌കോ യുണൈറ്റഡിനായി സ്‌കോർ ചെയ്തതോടെ അവർ ലീഡിലെത്തി. പക്ഷേ 66-ാം മിനിട്ടിലെ ജെയ്ഡൻ ആന്തണിയുടെ ഗോൾ കളി സമനിലയിലാക്കി.
മാപ്പു പറഞ്ഞ് മാർട്ടിനെല്ലി
ലിവർപൂളിനെതിരായ മത്സരത്തിന്റെ അവസാന സമയത്ത് പരിക്കേറ്റുകിടന്ന ഡിഫൻഡർ കോണോർ ബ്രാഡ്‌ലിയോട് വേഗം എണീറ്റ് കളിക്കാൻ ആക്രോശിക്കുകയും പന്ത് പുറത്തെറിയുകയും ഗ്രൗണ്ടിൽ നിന്ന് തള്ളിനീക്കുകയും ചെയ്ത സംഭവത്തിൽ ആഴ്‌സനൽ താരം ഗബ്രിയേൽ മാർട്ടിനി മാപ്പുപറഞ്ഞു. ഇൻജുറി ടൈമിലാണ് ബ്രാഡ്‌ലി വീണത്. എന്നാൽ സമയം കളയാൻ ബ്രാഡ്‌ലി മനപൂർവ്വം വീണുകിടക്കുകയാണെന്ന് കരുതിയാണ് ചൂടായതെന്നും പരിക്ക് ഗുരുതരമാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും മാർട്ടിനെല്ലി പിന്നീട് സോഷ്യൽ മീഡിയ കുറിപ്പിലൂടെ പറഞ്ഞു. സ്‌ട്രെച്ചറിലാണ് ബ്രാഡ്‌ലിയെ കളിക്കളത്തിൽ നിന്ന് മാറ്റിയത്. മോശം പെരുമാറ്റത്തിന് മാർട്ടിനെല്ലിക്ക് റഫറി മഞ്ഞക്കാർഡ് നൽകിയിരുന്നു. മാർട്ടിനെല്ലിക്കെതിരെ വലിയ വിമർശനം ഉയർന്നപ്പോഴാണ് ഇൻസ്റ്റഗ്രാമിലൂടെ താരം മാപ്പുപറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
