വഡോദരയിൽ ഇന്ത്യയ്ക്ക് 4 വിക്കറ്റിന്റെ വിജയം

JANUARY 11, 2026, 12:05 PM

വഡോദര: ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇടയ്ക്കൊന്ന് വിറച്ചെങ്കിലും വീണ് പോകാതെ 4 വിക്കറ്റിന്റെ വിജയം നേടി ഇന്ത്യ. വഡോദരയിലെ ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം വേദിയായ ആദ്യഅന്താരാഷ്ട്ര മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് നേടി. മറുപടിക്കിറങ്ങിയ ഇന്ത്യ49 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (306/6).

91 പന്തിൽ 8 ഫോറും 1 സിക്‌സും ഉൾപ്പെടെ 93 റൺസ് നേടിയ സൂപ്പർ താരം വിരാട് കോഹ്ലിയാണ് ചേസിംഗിൽ ഇന്ത്യയുടെ വിജയത്തിലേക്കെത്തിച്ചതിൽ മുൻപന്തിയിൽ. കോഹ്ലിയാണ് കളിയിലെ താരം. കൂടാതെ ക്യാപ്ടൻ ശുഭ്മാൻ ഗിൽ (71 പന്തിൽ 56), ശ്രേയസ് അയ്യർ (47പന്തിൽ 49), രോഹിത് ശർമ്മ (26), കെ.എൽ രാഹുൽ (പുറത്താകാതെ 29), ഹർഷിത് റാണ (29) എന്നിവരും ഇന്ത്യൻ വിജയത്തിൽ ബാറ്റ് കൊണ്ട് നിർണായക സംഭാവന നൽകി. ന്യൂസിലാൻഡ് ഫീൽഡർമാർ നിലത്തിട്ട ക്യാച്ചുകളും ഇന്ത്യൻ വിജയത്തിന് സഹായകമായി. 

ഗില്ലിനൊപ്പം രണ്ടാം വിക്കറ്റിൽ 107 പന്തിൽ 118 റൺസിന്റെയും ശ്രേയസിനൊപ്പം മൂന്നാം വിക്കറ്റിൽ 77 റൺസിന്റെയും കൂട്ടുകെട്ടുണ്ടാക്കിയാണ് കോഹ്ലി ഇന്ത്യൻ വിജയത്തിന് അടിസ്ഥാനമിട്ടത്. ന്യൂസിലാൻഡിനായി 10 ഓവറിൽ 1 മെയ്ഡനുൾപ്പെടെ 41 റൺസ് നൽകി 4 വിക്കറ്റ് വീഴ്ത്തിയ ജാമീസൺ മികച്ച ബൗളിംഗ് നടത്തി. 

vachakam
vachakam
vachakam

ഇന്ത്യൻ ഇന്നിംഗ്സിലെ 40ാം ഓവറിലെ ആദ്യ പന്തിൽ സെഞ്ച്വറിയിലേക്ക് അടുക്കുകയായിരുന്ന കോഹ്ലിയെ ക്യാപ്ടൻ ബ്രേസ്വെല്ലിന്റെ കൈയിൽ എത്തിച്ച ജാമീസൺ ആ ഓവറിൽ തന്നെ ജഡേജയേയും (4) മടക്കി ഇന്ത്യയെ ഞെട്ടിച്ചു. തന്റെ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ സെറ്റ് ബാറ്റർ ശ്രേയസിനെ ക്ലീൻബൗൾഡാക്കി ജാമീസൺ കിവീസിന് വിജയപ്രതീക്ഷ നൽകി. 

234/2 എന്ന നിലയിൽ നിന്ന് 242/5 എന്ന നിലയിൽഇന്ത്യ പ്രതിസന്ധിയിൽആയെങ്കിലും പിന്നീട് ക്രീസിലെത്തിയ ഹർഷിത് രാഹുലിനൊപ്പം ഇന്ത്യയെ രക്ഷിച്ചു. ടീം സ്‌കോർ 279ൽ വച്ച് ഹർഷിതിനെ അരങ്ങേറ്റക്കാരൻ ക്രിസ് ക്ലാർക്ക് മടക്കിയെങ്കിലും പകരമെത്തിയ വാഷിംഗ്ടൺ സുന്ദറിനെ (പുറത്താകാതെ 7) കൂട്ടുപിടിച്ച് രാഹുൽ ഇന്ത്യയെ വിജയതീരത്തെത്തിച്ചു.

നേരത്തേ ഡാരിൽ മിച്ചലാണ് (84) ന്യൂസിലാൻഡിന്റെ ടോപ് സ്‌കോററായത്. ഓപ്പണർമാരായ ഡെവോൺ കോൺവേയും (56), ഹെന്റി നിക്കോളാസും (62) ന്യൂസിലാൻഡിന് തകർപ്പൻ തുടക്കമാണ് നൽകിയത്.

vachakam
vachakam
vachakam

ഇരുവരും ഒന്നാം വിക്കറ്റിൽ 117 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 22ാം ഓവറിൽ നിക്കോളാസിനെ കീപ്പർ രാഹുലിന്റെ കൈയിൽ എത്തിച്ച് ഹർഷിതാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് ഡാരിൽ മിച്ചലിന്റെ ചെറുത്ത് നില്പാണ് കിവീസിനെ 300ൽ എത്തിച്ചത്. ഇന്ത്യയ്ക്കായി സിറാജും ഹർഷിതും പ്രസിദ്ധും 2 വിക്കറ്റ് വീതം വീഴ്ത്തി.

  • ഏകദിനത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഇന്ത്യൻ താരങ്ങളിൽ മുൻനായകൻ സൗരവ് ഗാംഗുലിയെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി വിരാട് കോഹ്ലി. ഇന്നലത്തെ കരിയറിലെ 309-ാം ഏകദിന മത്സരത്തിനാണ് കോഹ്ലി ഇറങ്ങിയത്.
  • അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗം 28000 റൺസ് തികയ്ക്കുന്ന താരമായി വിരാട് കോഹ്ലി.
  • ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വളരെ വഷളായ സാഹചര്യത്തിലും ഇന്നലെ ഒന്നാം ഏകദിനത്തിൽ കളി നിയന്ത്രിക്കാൻ ബംഗ്ലാദേശി അമ്പയറുമുണ്ടായിരുന്നു. ഐ.സി.സിഎലൈറ്റ് പാനൽ അമ്പയറായ മുൻ ബംഗ്ലാദേശ് താരം കൂടിയായ ഷർഫുദൗള സയികത് ആയിരുന്നു മത്സരത്തിലെ ടി.വി അമ്പയർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam