വിഖ്യാത ഗായിക എസ് ജാനകി (88) വിടവാങ്ങുമ്പോൾ സംഗീതലോകത്തിന് നഷ്ടമായത് സ്വരചക്രവർത്തിനിയെയാണ്. അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കൊച്ചുമകൾ അപ്‌സരയാണ് സോഷ്യൽമീഡിയയിലൂടെ വിയോഗവിവരം പങ്കുവെച്ചത്.
ഇരുപതോളം ഭാഷകളിലായി 48,000-ലേറെ ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്. ആറുപതിറ്റാണ്ടോളം സംഗീതലോകത്ത് നിറഞ്ഞുനിന്ന പ്രതിഭ. സ്വരമാധുരിയിലൂടെ മലയാളികളുടെ മനംകവർന്ന എസ്. ജാനകി എന്ന പ്രിയപ്പെട്ട ജാനകിയമ്മയാണ്.
1938 ഏപ്രിൽ 23-ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സിസ്ത്ല ജാനകി എന്ന എസ്. ജാനകിയുടെ ജനനം. ഒൻപതാംവയസിലാണ് ജാനകി ആദ്യമായി ഒരു വേദിയിൽ ഗാനം ആലപിക്കുന്നത്. നാദസ്വരം വിദ്വാൻ പൈഡിസ്വാമിയായിരുന്നു സംഗീതഗുരു.
എന്നാൽ, എസ് ജാനകി ശാസ്ത്രീയസംഗീതം പഠിച്ചിരുന്നില്ല. 1957-ൽ 19-ാംവയസ്സിൽ വിധിയിൻ വിളയാട്ട് എന്ന തമിഴ്സിനിമയിലൂടെയായിരുന്നു എസ്. ജാനകിയുടെ സിനിമയിലെ അരങ്ങേറ്റം. അതേവർഷം തന്നെ ആറ് ഭാഷകളിൽ പാടി. തമിഴ്, തെലുഗു, കന്നഡ, മലയാളം, ഹിന്ദി, സംസ്കൃതം, ഒഡിയ, തുളു, ഉർദു, പഞ്ചാബി, ബംഗാളി, കൊങ്കണി തുടങ്ങിയ ഇന്ത്യൻ ഭാഷകളിൽ ഒട്ടേറെ ഗാനങ്ങൾ ജാനകി ആലപിച്ചു. 2016-ൽ സംഗീതരംഗത്ത് നിന്ന് വിരമിക്കുന്നതായി ജാനകി പ്രഖ്യാപിച്ചെങ്കിലും 2018-ൽ അവർ വീണ്ടും സിനിമയിൽ ഗാനം ആലപിച്ചിരുന്നു.
1957 മുതൽ മലയാളസിനിമയിലും എസ്. ജാനകി സജീവമായിരുന്നു. എം എസ് ബാബുരാജ്, വി ദക്ഷിണാമൂർത്തി, ശ്യാം, എം ബി ശ്രീനിവാസൻ തുടങ്ങിയ സംഗീതസംവിധായകരുടെ കീഴിൽ ആയിരക്കണക്കിന് ഗാനങ്ങളാണ് ജാനകി ആലപിച്ചിട്ടുള്ളത്. ജാനകിയുടെ വ്യത്യസ്തയാർന്ന ശബ്ദം തന്നെയായിരുന്നു അവരെ ഇന്ത്യൻ പിന്നണിഗായകരിൽ വേറിട്ടുനിർത്തിയത്. ജർമൻ, ഇംഗ്ലീഷ്, സിംഹള, ജാപ്പനീസ് ഭാഷകളിലും ഗാനങ്ങൾ ആലപിച്ചു. നാലുതവണ മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടി. 33 തവണ വിവിധ സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും ജാനകിയെ തേടിയെത്തി. മൈസൂരു സർവകലാശാല ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. കർണാടക സർക്കാരിന്റെ രാജ്യോത്സവ പ്രശസ്തിയും ലഭിച്ചു. 2013-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചെങ്കിലും എസ്. ജാനകി ഇത് നിരസിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
