ന്യൂയോർക്ക് നഗരം സ്തംഭിക്കും; ആയിരം അതിഥികളും ആഗോള സംഗീത നിശയുമായി ടെയ്‌ലർ - ട്രാവിസ് വിവാഹാഘോഷം!

JUNE 30, 2026, 11:12 PM

ആഗോള പോപ്പ് ഗായിക ടെയ്‌ലർ സ്വിഫ്റ്റും അമേരിക്കൻ ഫുട്ബോൾ താരം ട്രാവിസ് കെൽസിയും തമ്മിലുള്ള വരാനിരിക്കുന്ന വിവാഹം വെറുമൊരു ചടങ്ങല്ല, മറിച്ച് ന്യൂയോർക്ക് നഗരത്തിന്റെ ഒരു ഭാഗത്തെത്തന്നെ പൂർണ്ണമായും നിശ്ചലമാക്കാൻ പോകുന്ന ഒരു മഹാവിസ്മയമായിരിക്കുമെന്നാണ് ഏറ്റവും പുതിയ ഹോളിവുഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ന്യൂയോർക്കിലെ ചരിത്രപ്രസിദ്ധമായ മാഡിസൺ സ്ക്വയർ ഗാർഡൻ സ്റ്റേഡിയത്തിൽ വെച്ച് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വൻ വിവാഹാഘോഷങ്ങളാണ് ദമ്പതികൾ ആസൂത്രണം ചെയ്യുന്നത്. ആയിരത്തിലധികം അതിഥികൾ പങ്കെടുക്കുന്ന ചടങ്ങിനായി നഗരത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.  

വിവാഹത്തോടനുബന്ധിച്ച് ജൂലൈ 3-ന് മാഡിസൺ സ്ക്വയർ ഗാർഡന് ചുറ്റുമുള്ള റോഡുകൾ അടച്ചിടുന്നതിനായി അണിയറപ്രവർത്തകർ ന്യൂയോർക്ക് സിറ്റി അധികൃതരിൽ നിന്നും അനുമതി വാങ്ങിയിട്ടുണ്ട്. ആരാധകരുടെയും മാധ്യമങ്ങളുടെയും വൻ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റ് പ്രത്യേക സുരക്ഷാ സന്നാഹമാണ് പ്രദേശത്ത് ഒരുക്കുന്നത്. ഫോട്ടോഗ്രാഫർമാരിൽ നിന്നും ഹെലികോപ്റ്ററുകളിൽ നിന്നും ദൃശ്യങ്ങൾ ചോരാതിരിക്കാൻ ജനലുകളില്ലാത്ത മാഡിസൺ സ്ക്വയർ ഗാർഡൻ തിരഞ്ഞെടുത്തത് തന്നെ സുരക്ഷ മുൻനിർത്തിയാണ്. കൂടാതെ, വിവാഹ വിവരങ്ങൾ ചോരാതിരിക്കാൻ അതിഥികൾക്ക് നൽകിയ ക്ഷണക്കത്തുകളിൽ പ്രത്യേക വാട്ടർമാർക്കുകൾ വരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.  

വിവാഹ ചടങ്ങിന് തലേദിവസം നൂറോളം അടുത്ത സുഹൃത്തുക്കൾക്കായി പ്രത്യേക വിരുന്നും സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. സംഗീത ലോകത്തെ പ്രമുഖരായ സ്റ്റീവി നിക്സ്, ടിം മക്ഗ്രോ എന്നിവരുടെ പ്രത്യേക പ്രകടനങ്ങളും ചടങ്ങിൽ ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. പ്രമുഖ ഫാഷൻ മാമാങ്കമായ 'മെറ്റ് ഗാല'യേക്കാൾ വലിയൊരു ദൃശ്യവിരുന്നായിരിക്കും ഈ വിവാഹമെന്നാണ് ഹോളിവുഡ് മാധ്യമങ്ങൾ വിലയിരുത്തുന്നത്.

vachakam
vachakam
vachakam

അതേസമയം വിവാഹച്ചടങ്ങിൽ ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കില്ലെന്ന് റിപ്പോർട്ടുകൾ. പ്രശസ്ത ഹോളിവുഡ് മാധ്യമമായ പീപ്പിൾ മാഗസിൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം വെയിൽസ് രാജകുമാരൻ വില്യമും ഭാര്യ കേറ്റ് മിഡിൽട്ടണും ഈ വിവിഹാഘോഷത്തിൽ അതിഥികളായി എത്തില്ലെന്ന് ഉറപ്പായിട്ടുണ്ട്. 

രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം 2025 ഓഗസ്റ്റിലാണ് ടെയ്‌ലർ സ്വിഫ്റ്റും ട്രാവിസ് കെൽസിയും തങ്ങളുടെ വിവാഹനിശ്ചയ വാർത്ത പുറത്തുവിടുന്നത്. അമേരിക്കയുടെ 'രാജകീയ വിവാഹം' എന്ന് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ഈ ആഘോഷം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരാണ് കാത്തിരിക്കുന്നത്. 2011-ൽ വില്യമിന്റെയും കേറ്റിന്റെയും വിവാഹം യുകെയിൽ ഉണ്ടാക്കിയ അതേ തരംഗമാണ് ഇപ്പോൾ അമേരിക്കയിൽ ടെയ്‌ലറുടെ വിവാഹ വാർത്തയും ഉണ്ടാക്കിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam