കൊച്ചി: പുലിപ്പല്ല് മാലയുടെ പേരിൽ റാപ്പര്‍ വേടനെതിരെ കേസെടുത്ത നടപടി അനുചിതവും തിരുത്തപ്പെടേണ്ടതുമെന്ന പ്രതികരണവുമായി എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം രംഗത്ത്. സാങ്കേതികമായി ന്യായം പറയാനുണ്ടെങ്കിലും പുലി നഖ മാല മുതല്‍ ആനക്കൊമ്പ് വരെ കൈവശമുള്ള ധാരാളം ആളുകള്‍ നമുക്ക് ചുറ്റുമുണ്ടെന്നും ആണ് സുനില്‍ പി ഇളയിടം വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിലൂടെ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.
സുനില്‍ പി ഇളയിടത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്
പുലിപ്പല്ലു കോര്‍ത്ത മാല ധരിച്ചതിന്റെ പേരില്‍ ഏഴു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി സംഗീതകാരനായ വേടനെ അറസ്റ്റ് ചെയ്ത നടപടി അനുചിതവും തിരുത്തപ്പെടേണ്ടതുമാണ്. സാങ്കേതികമായി ഇക്കാര്യത്തില്‍ ന്യായം പറയാനുണ്ടാവുമെങ്കിലും ഈ നടപടി നീതിയുടെ വിശാലതാത്പര്യത്തിന് നിരക്കുന്നതല്ല. പുലിനഖമാല മുതല്‍ ആനക്കൊമ്പ് വരെ കൈവശമുള്ള ധാരാളം ആളുകള്‍ നമുക്കു ചുറ്റുമുണ്ട്. അതിന്റെയെല്ലാം തെളിവുകള്‍ പൊതുസമൂഹത്തിനു മുന്നിലുമുണ്ട്. അതെല്ലാം ഒരു നടപടിക്കും വിധേയമാകാതെ തുടരുമ്പോഴാണ്, സ്റ്റേഷന്‍ ജാമ്യം കിട്ടിയ കേസിന്റെ തുടര്‍ച്ചയില്‍ ഏഴു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി വേടനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
നമ്മുടെ പൊതുസംസ്‌കാരത്തില്‍ നിലീനമായ സവര്‍ണ്ണതയെ ആഴത്തില്‍ വെല്ലുവിളിക്കുന്നതാണ് വേടന്റെ കല. സംഗീതത്തിന്റെ ജനാധിപത്യവത്കരണത്തിന് ഒരുപാട് ഊര്‍ജ്ജം പകര്‍ന്ന ഒന്നാണത്. വേടന്റെ കലയ്ക്കും അതിന്റെ രാഷ്ട്രീയത്തിനുമെതിരായ കടന്നാക്രമണം കൂടിയാണ് ഈ നടപടി. കഞ്ചാവു കേസില്‍ നിയമപരമായ നടപടികള്‍ തുടരുമ്പോള്‍ തന്നെ ഇക്കാര്യത്തില്‍ പുന:പരിശോധന നടത്താനും വേണ്ട തിരുത്തലുകള്‍ വരുത്താനും അധികാരികള്‍ തയ്യാറാകണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്