"ലോകം എന്നെ വേട്ടയാടി, ഏറ്റവും കൂടുതൽ പരിഹസിക്കപ്പെട്ടവൾ'; രാജകീയ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് മേഗൻ മാർക്കിൾ

APRIL 18, 2026, 3:35 AM

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഔദ്യോഗിക പദവികൾ ഒഴിഞ്ഞതിന് പിന്നാലെ നേരിടേണ്ടി വന്ന കഠിനമായ വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞ് ഹാരി രാജകുമാരനും പത്നി മേഗൻ മാർക്കിളും. ഓസ്‌ട്രേലിയയിൽ നടത്തുന്ന നാല് ദിവസത്തെ സന്ദർശനത്തിനിടെയാണ് ഇരുവരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചത്.

ലോകത്ത് ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾക്കും പരിഹാസങ്ങൾക്കും (Trolling) ഇരയായ വ്യക്തി താനാണെന്ന് മെൽബണിൽ നടന്ന ചടങ്ങിൽ മേഗൻ വെളിപ്പെടുത്തി. താൻ നേരിട്ട മാനസിക പ്രയാസങ്ങളെക്കുറിച്ചും രാജകീയ ചുമതലകളോടുള്ള വിയോജിപ്പിനെക്കുറിച്ചും ഹാരി രാജകുമാരനും മനസ്സ് തുറന്നു.

മെൽബണിൽ നടന്ന ഇന്റർഎഡ്ജ് ഉച്ചകോടിയിൽ സംസാരിക്കവേ, തന്റെ പന്ത്രണ്ടാം വയസ്സിൽ അന്തരിച്ച മാതാവ് ഡയാന രാജകുമാരിയുടെ വിയോഗം തന്നിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് ഹാരി സംസാരിച്ചു. "എന്റെ പതിമൂന്നാം ജന്മദിനത്തിന് തൊട്ടുമുമ്പ് അമ്മ മരിച്ചപ്പോൾ, എനിക്ക് ഈ പദവി വേണ്ട എന്ന ചിന്തയായിരുന്നു. ഈ റോളിനോടോ ഇതിന്റെ പോക്കിനോടോ എനിക്ക് താല്പര്യമില്ലായിരുന്നു," ഹാരി പറഞ്ഞു.

vachakam
vachakam
vachakam

വർഷങ്ങളോളം ഈ സ്ഥാനവുമായി പൊരുത്തപ്പെടാൻ താൻ പ്രയാസപ്പെട്ടുവെന്നും എന്നാൽ പിന്നീട് തന്റെ പദവി മറ്റുള്ളവരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ ഉപയോഗിക്കാമെന്ന് തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയ വഴിയുള്ള അതിരൂക്ഷമായ അധിക്ഷേപങ്ങളെക്കുറിച്ച് മേഗൻ മാർക്കിൾ വൈകാരികമായാണ് സംസാരിച്ചത്. കഴിഞ്ഞ പത്ത് വർഷമായി ഓരോ ദിവസവും താൻ ആക്രമിക്കപ്പെടുകയായിരുന്നുവെന്ന് മേഗൻ പറഞ്ഞു. "സ്ത്രീ എന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ ലോകത്ത് ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ട വ്യക്തി ഞാനായിരുന്നു.

എങ്കിലും ഞാൻ ഇപ്പോഴും ഇവിടെയുണ്ട്," ഓസ്‌ട്രേലിയയിലെ മാനസികാരോഗ്യ സംഘടനയായ ബാറ്റിറിലെ യുവാക്കളോട് സംസാരിക്കവേ മേഗൻ വ്യക്തമാക്കി. ക്ലിക്കുകൾക്ക് വേണ്ടി ക്രൂരതയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് സോഷ്യൽ മീഡിയ വ്യവസായം കെട്ടിപ്പടുത്തിരിക്കുന്നതെന്നും അതിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നും അവർ നിരീക്ഷിച്ചു.

vachakam
vachakam
vachakam

കായികരംഗം, മാനസികാരോഗ്യം, വിമുക്തഭടന്മാരുടെ ക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഹാരിയും മേഗനും ഓസ്‌ട്രേലിയൻ പര്യടനം നടത്തുന്നത്. സന്ദർശനം വാണിജ്യ ലക്ഷ്യങ്ങളോടെയുള്ളതാണെന്ന ആക്ഷേപങ്ങൾ ഉയരുന്നുണ്ടെങ്കിലും സന്ദർശനത്തിന്റെ ചിലവുകൾ സ്വകാര്യമായാണ് വഹിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഉച്ചകോടിയിലെ പ്രസംഗത്തിന് ഹാരി പണം കൈപ്പറ്റിയിട്ടില്ലെന്നും റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്നു എന്ന വാർത്തകൾ തെറ്റാണെന്നും വക്താക്കൾ വ്യക്തമാക്കി. ആറ് വർഷം മുമ്പ് രാജകീയ പദവികൾ ഒഴിഞ്ഞ ഇരുവരും ടാബ്ലോയിഡ് സമ്മർദ്ദവും വംശീയ അധിക്ഷേപവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam