കൊച്ചി: താരസംഘടനയായ അമ്മയെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കിടെ നടി ശ്വേത മേനോനെതിരെ രൂക്ഷ വിമർശനവുമായി നടി ബീന ആന്റണി. ശ്വേത മേനോനും നടനും എംഎൽഎയുമായ രമേഷ് പിഷാരടിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഭാഗങ്ങൾ പുറത്തുവിട്ട നടപടിയാണ് ബീന ആന്റണി വിമർശിച്ചത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ബീന ആന്റണിയുടെ പ്രതികരണം. സംഘടന വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ സഹായിക്കാനെത്തിയ വ്യക്തിയാണ് രമേഷ് പിഷാരടിയെന്നും, അദ്ദേഹവുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിന്റെ ഭാഗം പരസ്യമാക്കിയത് കടുത്ത വിശ്വാസവഞ്ചനയാണെന്നും അവർ പറഞ്ഞു.
മുമ്പ് രമേഷ് പിഷാരടി തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ അദ്ദേഹത്തെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ചിത്രം ശ്വേത മേനോൻ തന്നെ പങ്കുവെച്ചിരുന്നുവെന്നും, ഇരുവരും തമ്മിലുള്ള അടുത്ത ബന്ധം എല്ലാവർക്കും അറിയാവുന്നതാണെന്നും ബീന ആന്റണി ചൂണ്ടിക്കാട്ടി. അത്തരമൊരു സൗഹൃദമുള്ള വ്യക്തിയുമായുള്ള സ്വകാര്യ സംഭാഷണം പുറത്തുവിട്ടത് അംഗീകരിക്കാനാവില്ലെന്നും അത് പരസ്യമായ അവഹേളനത്തിന് തുല്യമാണെന്നും അവർ പറഞ്ഞു.
ഇത്തരം നടപടികൾ സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ബീന ആന്റണി പങ്കുവെച്ചു. രമേഷ് പിഷാരടിയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടന്നതെന്നും അവർ ആരോപിച്ചു.
നിലവിൽ പ്രതിസന്ധി നേരിടുന്ന അമ്മ സംഘടനയെ സംരക്ഷിക്കാനും മുന്നോട്ടുകൊണ്ടുപോകാനും മുതിർന്ന താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ അടിയന്തരമായി ഇടപെടണമെന്നും ബീന ആന്റണി ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
