മുംബൈ: 'ഭൂത് ബംഗ്ല' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ വൻ വിജയം നേടിയ സംവിധായകൻ പ്രിയദർശന്റെ അടുത്ത ചിത്രമായ 'ഹൈവാൻ' റിലീസിനൊരുങ്ങുകയാണ്. സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം, മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം 'ഒപ്പം' പ്രചോദനമാക്കി ഒരുക്കുന്നതാണ്.
തിരക്കഥയിലും സംഭാഷണങ്ങളിലും കാര്യമായ മാറ്റങ്ങളോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ അതിഥി വേഷവും ഉണ്ടെന്നതാണ് ആരാധകരുടെ ആവേശം കൂട്ടുന്നത്.
ഇതിനിടെ മോഹൻലാലിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സെയ്ഫ് അലി ഖാൻ. ഒരു അഭിമുഖത്തിലാണ് അദ്ദേഹം മോഹൻലാലിനെ പ്രശംസിച്ചത്.
"ഞാൻ അദ്ദേഹത്തെ മുമ്പും കണ്ടിട്ടുണ്ട്. യാതൊരു താരജാഡയുമില്ലാത്ത, വളരെ നല്ല മനുഷ്യനാണ്. എല്ലാ സൂപ്പർസ്റ്റാറുകളെയും പോലെ ആകർഷകമായ വ്യക്തിത്വമുള്ള ആളുമാണ്. എന്നാൽ ഇത്തവണ എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് ക്യാമറയ്ക്ക് മുന്നിലെ അദ്ദേഹത്തിന്റെ അതിസൂക്ഷ്മമായ പ്രകടനമായിരുന്നു," സെയ്ഫ് പറഞ്ഞു.
ചിത്രത്തിൽ അന്ധനായ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടി വന്നത് തനിക്ക് വലിയ വെല്ലുവിളിയായിരുന്നുവെന്നും മോഹൻലാലിന്റെ പ്രകടനം താൻ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
"സിനിമയിൽ അദ്ദേഹത്തിന് ഒരു ഷോട്ട് മാത്രമേയുള്ളൂ. പ്രിയൻ സാറും അദ്ദേഹവും തമ്മിലുള്ള കെമിസ്ട്രി കാണാൻ തന്നെ രസമായിരുന്നു. 'ആവശ്യമുള്ളത് കിട്ടിയോ' എന്ന് അദ്ദേഹം പ്രിയൻ സാറിനോട് ചോദിച്ചു. 'കിട്ടി' എന്നായിരുന്നു മറുപടി. ഒരു ഗ്ലാസ് അല്പം താഴ്ത്തിവെക്കുന്ന ചെറിയൊരു ഷോട്ടാണ് അദ്ദേഹം ചെയ്തത്. പക്ഷേ ആ ഒറ്റ ഷോട്ടിൽ തന്നെ ആ കഥാപാത്രം അന്ധനാണെന്ന് പ്രേക്ഷകന് മനസ്സിലാകും. അത്രയും മനോഹരമായാണ് അദ്ദേഹം അത് അവതരിപ്പിച്ചത്," സെയ്ഫ് പറഞ്ഞു.
ക്യാമറയ്ക്ക് പുറത്തുള്ള മോഹൻലാലും ക്യാമറയ്ക്ക് മുന്നിലെ മോഹൻലാലും തമ്മിലുള്ള വ്യത്യാസവും സെയ്ഫ് എടുത്തുപറഞ്ഞു.
"അദ്ദേഹത്തിന് ചുറ്റും ഒരു പ്രത്യേക ഓറയുണ്ട്. സെറ്റിൽ എല്ലാവരോടും വളരെ സഹകരിച്ചാണ് പെരുമാറുന്നത്. ക്യാമറയ്ക്ക് പുറത്താകുമ്പോൾ ഒട്ടും താരഭാവമില്ലാത്ത ഒരാളാണ്. എന്നാൽ ക്യാമറ ഓണായാൽ നിമിഷങ്ങൾക്കകം കഥാപാത്രമായി മാറുന്നത് കാണാം. അത് ശരിക്കും അത്ഭുതപ്പെടുത്തുന്ന അനുഭവമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 11-നാണ് ഹൈവാൻ തിയേറ്ററുകളിലെത്തുന്നത്. കന്നഡയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
