അമേരിക്കൻ ടെലിവിഷൻ അവതാരകയും ഗായികയുമായ കാത്തി ലീ ഗിഫോർഡ് കഴിഞ്ഞ കുറച്ചുകാലമായി താൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന കഠിനമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്ത്.
ശാരീരിക വേദനകൾ സഹിക്കാൻ കഴിയാത്ത ഘട്ടത്തിൽ പലപ്പോഴും ജീവിതം അവസാനിപ്പിച്ചാലോ എന്ന് പോലും തോന്നിപ്പോയ നിമിഷങ്ങളെക്കുറിച്ചാണ് താരം സംസാരിച്ചത്. എന്നാൽ സ്വയം ജീവനൊടുക്കാൻ തനിക്ക് ഒരിക്കലും പദ്ധതിയുണ്ടായിരുന്നില്ലെന്നും, ആ വേദനകളിൽ നിന്നുള്ള മോചനമാണ് താൻ ആഗ്രഹിച്ചതെന്നും എഴുപത്തിരണ്ടുകാരിയായ താരം വ്യക്തമാക്കി.
ഉറക്കത്തിനിടയിൽ സംഭവിച്ച അപ്രതീക്ഷിത ചലനം മൂലം കൈയ്യിലെ എല്ലിന് ഒടിവുണ്ടായതും, പിന്നീട് വീഴ്ചയെ തുടർന്ന് മറ്റൊരു അസ്ഥിക്ക് പരിക്കേറ്റതുമാണ് താരത്തെ കടുത്ത ശാരീരിക ബുദ്ധിമുട്ടുകളിലേക്ക് തള്ളിവിട്ടത്. ഇതിനൊപ്പം കാഴ്ചശക്തി കുറഞ്ഞതിനെ തുടർന്ന് തിമിര ശസ്ത്രക്രിയയ്ക്കും വിധേയയാകേണ്ടി വന്നതോടെ താരം പൊതുപരിപാടികളിൽ നിന്നും പൂർണ്ണമായും മാറിനിൽക്കുകയായിരുന്നു.
നിരന്തരമായ വേദനകൾ തന്നെ മാനസികമായി തളർത്തിയെന്നും, 2015-ൽ അന്തരിച്ച തന്റെ ഭർത്താവ് ഫ്രാങ്ക് ഗിഫോർഡിന്റെ അവസാന നാളുകളെയാണ് ഈ അവസ്ഥ ഓർമ്മിപ്പിച്ചതെന്നും കാത്തി ലീ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ കഠിനമായതോടെ ലളിതമായ ജോലികൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നെന്നും, ഈ വേദനകൾ മാത്രമാണ് ഇനി ജീവിതത്തിലുള്ളതെങ്കിൽ തന്നെ ദൈവത്തിന്റെ അടുത്തേക്ക് തിരികെ വിളിക്കണമെന്ന് താൻ പ്രാർത്ഥിച്ചിരുന്നതായും താരം വെളിപ്പെടുത്തി.
എങ്കിലും പ്രതിസന്ധി ഘട്ടങ്ങളിലും തന്റെ നർമ്മബോധം നഷ്ടപ്പെടുത്തിയില്ലെന്നും, മറ്റുള്ളവരെ എപ്പോഴും സന്തോഷിപ്പിക്കുന്ന ഒരു വ്യക്തിയായി ഓർമ്മിക്കപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കാത്തി ലീ കൂട്ടിച്ചേർത്തു. പ്രശസ്ത റിയാലിറ്റി താരം ക്രിസ് ജെന്നർ നിർമ്മിച്ച തന്റെ ജീവിതത്തെക്കുറിച്ചുള്ള പുതിയ ഡോക്യുമെന്ററിയുടെ പണിപ്പുരയിലാണ് താരം ഇപ്പോൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
