ഇടവേളയ്ക്ക് ശേഷം പോപ് താരം ജസ്റ്റിൻ ബീബർ സംഗീതലോകത്തേക്കു മടങ്ങിവരുന്നുവെന്ന് റിപ്പോർട്ട്. തന്റെ ആരാധകരെ നിരാശപ്പെടുത്താതെ പുതിയ ആൽബവുമായി വൈകാതെ തന്നെ ബീബർ തിരിച്ചെത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഗീത ലോകത്ത് നിന്ന് ഇടവേള എടുത്ത ശേഷം ബീബർ കുടുംബത്തിൽ മാത്രമായി ഒതുങ്ങുകയായിരുന്നു.
ബീബർ വീണ്ടും സംഗീതലോകത്തേക്കു മടങ്ങി വരുന്നുവെന്ന വാർത്തകൾ ഇതിനോടകം ചർച്ചയായി ക്കഴിഞ്ഞു. പാട്ടിൽ നിന്നുള്ള വരുമാനം നിലച്ചതോടെ ബീബർ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും ആ അവസ്ഥ മറികടക്കാനാണ് മടങ്ങിവരവിന് ഒരുങ്ങുന്നതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
2023ലാണ് സംഗീതലോകത്ത് നിന്ന് താത്ക്കാലികമായി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. അനാരോഗ്യവും സ്വകാര്യജീവിതത്തിലെ പ്രശ്നങ്ങളുമായിരുന്നു ജസ്റ്റിൻ ബീബറിന്റെ വിരമിക്കലിനു പിന്നിൽ. 2022 ൽ ഗായകന് റാംസേ ഹണ്ട് സിന്‍ഡ്രോം എന്ന രോഗം ബാധിച്ചിരുന്നു. തുടർന്ന് മുഖത്തിന്റെ ഒരു ഭാഗം ചലിപ്പിക്കാനോ കണ്‍പോള അടയ്ക്കാനോ ചിരിക്കാനോ കഴിയാത്ത അവസ്ഥയില്‍ എത്തി. ആരോഗ്യസ്ഥിതി വീണ്ടും വഷളായതോടെ ഗായകൻ ലോകപര്യടനം റദ്ദ് ചെയ്തിരുന്നു.
2021ല്‍ പുറത്തിറങ്ങിയ ‘ജസ്റ്റിസ്’ ആണ് അവസാന ആല്‍ബം. വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ തന്റെ മുഴുവന്‍ പാട്ടുകളുടെയും അവകാശം 1644 കോടി രൂപയ്ക്ക് യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പിന് ബീബർ കൈമാറിയിരുന്നു. ഇനിയിപ്പോൾ ബീബറിന്റെ രണ്ടാം വരവിൽ ആൽബങ്ങളുടെ അവകാശം സംബന്ധിച്ച് പുതിയ ചർച്ചകളുണ്ടാകാനാണു സാധ്യത.
കഴിഞ്ഞ വർഷം, അനന്ത് അംബാനി–രാധിക മെർച്ചന്റ് വിവാഹത്തോടനുബന്ധിച്ചു നടന്ന സംഗീത് ചടങ്ങിൽ ബീബർ പാടാൻ എത്തിയിരുന്നു. 83 കോടി രൂപയാണ് അംബാനി കുടുംബത്തിൽ നിന്നും ബീബർ പ്രതിഫലമായി കൈപ്പറ്റിയത്. സാധാരണയായി സ്വകാര്യ ആഘോഷ വേദികളിൽ പാടുന്നതിന് 20 മുതൽ 50 കോടി വരെയാണ് ബീബർ വാങ്ങാറുള്ളത്. ഏറ്റവും ഉയർന്ന പ്രതിഫലമാണ് അംബാനിക്കുടുംബത്തിൽ നിന്നും കൈപ്പറ്റിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബീബറിനും ഭാര്യ ഹെയ്‌ലിയും ആദ്യത്തെ കൺമണി പിറന്നിരുന്നു. ‘ജാക്ക് ബ്ലൂസ് ബീബർ’ എന്നാണ് മകനു പേര് നൽകിയിരിക്കുന്നത്. ഫാഷന്‍ ലോകത്തെ സൂപ്പര്‍ മോഡലായ ഹെയ്‌ലി ദി യുഷ്വൽ സസ്പെക്ട്സ് നടൻ സ്റ്റീഫൻ ബാൾഡ്‌വിന്‍റെയും ഗ്രാഫിക് ഡിസൈനർ കെനിയ ഡിയോഡാറ്റോയുടെയും മകളാണ്. നിരവധി മുൻനിര ഡിസൈനർമാർക്കായി റാമ്പില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ഇവര്‍. അവർ ന്യൂയോർക്ക് ഫാഷൻ വീക്ക്, പാരീസ് ഫാഷൻ വീക്ക്, മിലാൻ ഫാഷൻ വീക്ക് എന്നിവയുടെ ഭാഗമായിട്ടുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്