ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകളിലും ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലും പ്രതിഷേധിച്ചു രാജ്യതലസ്ഥാനത്ത് വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ, വിദ്യാര്‍ഥികളുടെ ഭാവി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മുന്‍ താരം ഇര്‍ഫാന്‍ പഠാനും രംഗത്തെത്തി.
വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും എല്ലാവര്‍ക്കും തുല്യ അവസരം ഉറപ്പാക്കണമെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയും എക്‌സ് പോസ്റ്റിലൂടെയും താരങ്ങള്‍ ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് താരങ്ങളുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്. ഒരു ഇന്ത്യക്കാരനെന്ന നിലയില്‍, പഠിക്കാനും സ്വപ്നം കാണാനും ആഗ്രഹിക്കുന്ന ഭാവി കെട്ടിപ്പടുക്കാനും തങ്ങളുടെ തലമുറയിലെ ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്ന് ഗില്‍ ചൂണ്ടിക്കാട്ടി.
സമാധാനപരമായ മാര്‍ഗ്ഗത്തിലൂടെ സ്വന്തം ശബ്ദവും നിലപാടുകളും ഉയര്‍ത്തുന്ന ചെറുപ്പക്കാരെ താന്‍ ഏറെ ബഹുമാനിക്കുന്നുവെന്നും ഗില്‍ കുറിച്ചു.വിദ്യാഭ്യാസത്തിന് രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്താനുള്ള വലിയ കരുത്തുണ്ടെന്നും നിര്‍ണായകമായ ഈ സമയത്ത് പരസ്പര ബഹുമാനത്തോടെയും കരുതലോടെയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു. പരീക്ഷാ വിവാദങ്ങളെ നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും വിദ്യാര്‍ഥികളുടെ ആഗ്രഹങ്ങള്‍ക്കും അവകാശങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നതാണ് ഗില്ലിന്റെ വാക്കുകള്‍. അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ച കാരണം വിദ്യാര്‍ഥികളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തരുതെന്ന് ഇര്‍ഫാന്‍ പഠാന്‍ ആവശ്യപ്പെട്ടു. നല്ലൊരു ഭാവിക്കായി ഓരോ വിദ്യാര്‍ഥിയും അവരുടെ കുടുംബവും വര്‍ഷങ്ങളോളം വലിയ ത്യാഗങ്ങളാണ് സഹിക്കുന്നത്.
അത്തരം കഠിനാധ്വാനം അട്ടിമറിക്കപ്പെടാന്‍ അനുവദിക്കരുതെന്നും, എല്ലാ വിദ്യാര്‍ഥികള്‍ക്കും തുല്യവും നീതിയുക്തവുമായ അവസരം ഉറപ്പാക്കാന്‍ അധികാരികള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും പഠാന്‍ എക്‌സില്‍ കുറിച്ചു. വിദ്യാര്‍ഥികളാണ് രാജ്യത്തിന്റെ ഭാവിയെന്നും അവരുടെ സ്വപ്നങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
