ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സംവിധായകന്‍ രാജസേനന്‍ 2023 ലാണ് ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയത്. എന്നാൽ എകെജി സെന്‍ററില്‍ ചെന്ന് കയറിയത് തന്‍റെ ജീവിതത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്നെന്നാണ് രാജസേനന്‍ പറയുന്നത്.
സോഷ്യല്‍ മീഡിയയിലെ സിനിമാ കൂട്ടായ്മയായ സിനിഫൈലിന്‍റെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജസേനന്‍ ഇക്കാര്യം പറയുന്നത്. എന്തുകൊണ്ടാണ് ബിജെപി വിട്ടതെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
“ബിജെപി വിട്ടതല്ല. അത് ചെറിയൊരു അബദ്ധം പറ്റിയതാണ്. എന്‍റെ ജീവിതത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരങ്ങളില്‍ ഒന്നാണ് എകെജി സെന്‍ററില്‍ ചെന്ന് കയറി എന്നുള്ളത്. എന്നെ ചിലര്‍ വിളിച്ചുകൊണ്ടുപോയി. എന്തൊക്കെയോ ആയിരുന്നു. എനിക്ക് അതെല്ലാം പുറത്ത് പറയാന്‍ പറ്റില്ല.
തിരിച്ച് ഇറങ്ങിയപ്പോള്‍ എന്നെ ഞെട്ടിക്കുന്ന രീതിയില്‍ പത്തിരുപത് ചാനലുകള്‍ ഉണ്ടായിരുന്നു അവിടെ. ആ ചാനലുകളില്‍ വന്ന വാര്‍ത്തകളാണ് എന്നെ കമ്യൂണിസ്റ്റുകാരന്‍ ആക്കിയത്. രണ്ട് ആഴ്ച മാത്രമേ കമ്യൂണിസ്റ്റ് എന്ന പദം എന്‍റെ മുകളില്‍ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ദേശീയതയുടെ കൂടെത്തന്നെയാണ്. ബിജെപിയുടെ കൂടെത്തന്നെയാണ്. അതില്‍ ഒരു മാറ്റവുമില്ല”, രാജസേനന്‍റെ വാക്കുകള്‍.
2016 ല്‍ അരുവിക്കര നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ആയിരുന്നു രാജസേനന്‍. പാര്‍ട്ടി നേതൃത്വം അവഗണിച്ചെന്ന് ആരോപിച്ചായിരുന്നു 2023 ല്‍ പാര്‍ട്ടി വിട്ടത്. കലാകാരന്‍ എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും ഒടുവില്‍ സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തെന്നും രാജസേനന്‍ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
