ചെന്നൈ: വിദേശത്തെ ആഡംബര ജീവിതവും കരിയറും സ്വപ്നം കണ്ട് കാനഡയിലേക്ക് ചേക്കേറുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ യുവാക്കള്‍ക്കിടയില്‍ വേറിട്ടൊരു തുറന്നുപറച്ചിലുമായി ചെന്നൈ സ്വദേശി. കാനഡയിലെ പ്രവാസ ജീവിതം മാനസികമായി തളര്‍ത്തിയതിനെ തുടര്‍ന്ന് എല്ലാം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ സുദര്‍ശന്‍ എന്ന യുവാവിന്റെ ഇന്‍സ്റ്റഗ്രാം വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.
കാനഡ മനുഷ്യരെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിടുന്ന രാജ്യമാണെന്നും താന്‍ സ്വയം ഇന്ത്യയിലേക്ക് 'നാടുകടത്തുകയായിരുന്നു' എന്നും യുവാവ് വീഡിയോയില്‍ വ്യക്തമാക്കുന്നു. വളരെ പെട്ടെന്നാണ് സുദര്‍ശന്റെ (@suson_in_vancouver) ഈ തുറന്ന് പറച്ചില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. നാട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് യുവാവ് തന്റെ കാനഡയിലെ കയ്‌പ്പേറിയ അനുഭവങ്ങള്‍ വിവരിക്കുന്നത്.
പ്രിയപ്പെട്ടവരില്ലെങ്കില്‍ എത്ര പണമുണ്ടായിട്ടും കാര്യമില്ല. വിദേശ ജീവിതം തന്നെ വൈകാരികമായും മാനസികമായും പൂര്‍ണമായി തളര്‍ത്തിയെന്ന് സുദര്‍ശന്‍ പറയുന്നു.
യുവാവിന്റെ വാക്കുകള്‍ ഇങ്ങനെ:
'ഞാന്‍ ഇന്ത്യയിലേക്ക് തിരിച്ചുപോരുകയായിരുന്നു. എന്നെത്തന്നെ ഞാന്‍ കാനഡയില്‍ നിന്ന് നാടുകടത്തി. നമ്മുടെ കൂടെ സമയം ചെലവഴിക്കാന്‍ പ്രിയപ്പെട്ടവര്‍ ആരും ഒപ്പമില്ലെങ്കില്‍ പിന്നെ അവിടെ എത്ര പണം സമ്പാദിച്ചിട്ടും ഒരു കാര്യവുമില്ല. വളരെ നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ ഇപ്പോള്‍ മനസ്സ് തുറന്ന് ചിരിക്കുന്നത്. കാരണം കാനഡ ആളുകളെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിടുന്ന ഒരു രാജ്യമാണ്.' വീഡിയോയുടെ അവസാനം 'അടുത്തത് ആരാണ്?' എന്ന ചോദ്യത്തോടെയാണ് സുദര്‍ശന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
വിദേശത്തെ ഏകാന്തതയും മാനസിക സമ്മര്‍ദ്ദങ്ങളും അനുഭവിക്കുന്ന ഒട്ടേറെ പ്രവാസികള്‍ ഈ ചോദ്യം ഏറ്റെടുത്തുകഴിഞ്ഞു. വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ഡോളര്‍ സമ്പാദിക്കുന്നതിനേക്കാള്‍ പ്രധാനം സ്വന്തം സമാധാനവും സന്തോഷവുമാണെന്ന് ഒരു വിഭാഗം പ്രവാസികള്‍ കുറിക്കുമ്പോള്‍, കാനഡയിലെ മികച്ച ജീവിത സാഹചര്യങ്ങള്‍ ആസ്വദിക്കണമെങ്കില്‍ ചില ത്യാഗങ്ങള്‍ ചെയ്യേണ്ടി വരുമെന്നാണ് മറുവിഭാഗത്തിന്റെ വാദം.
'ഞാനും കാനഡയിലെ ജീവിതം മടുത്ത് രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ആളാണ്. ഇപ്പോള്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. കാനഡയിലെ ഏകാന്തത ഭയപ്പെടുത്തുന്നതാണ്.' മറ്റൊരു ഉപയോക്താവ് കുറിച്ചു: 'നൂറു ശതമാനം ശരിയാണ്, ഇതൊരു ഡിപ്രഷന്‍ രാജ്യം തന്നെയാണ്. ഞാനും നാട്ടിലേക്ക് മടങ്ങാന്‍ ദിവസങ്ങള്‍ എണ്ണിക്കഴിയുകയാണ്.'- മറ്റൊരാള്‍ പറഞ്ഞു.
'പണമില്ലെങ്കില്‍ ഏത് രാജ്യവും വിഷാദമുണ്ടാക്കും. കാനഡയിലെ ശുദ്ധവായുവും മികച്ച സൗകര്യങ്ങളും ആസ്വദിക്കണമെങ്കില്‍ തുടക്കത്തില്‍ ചില ബുദ്ധിമുട്ടുകള്‍ സഹിച്ചേ മതിയാകൂ.' മറ്റൊരാള്‍ കുറിച്ചത് ഇങ്ങനെ: 'കഠിനാധ്വാനം ചെയ്യാന്‍ മനസ്സില്ലാതെ 'എളുപ്പത്തില്‍ പണക്കാരനാകാന്‍' നോക്കി പരാജയപ്പെടുമ്പോഴാണ് രാജ്യം മോശമാണെന്ന് പറയുന്നത്.'- എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.
വിദേശ രാജ്യങ്ങളിലെ കാലാവസ്ഥയും, ഏകാന്തതയും, വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവുകളും പല ഇന്ത്യന്‍ കുടിയേറ്റക്കാരെയും സമാനമായ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്നുണ്ടെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഈ ചര്‍ച്ച വിരല്‍ ചൂണ്ടുന്നത്. പണത്തേക്കാള്‍ മുന്‍ഗണന മാനസികാരോഗ്യത്തിനും കുടുംബത്തിനുമാണെന്ന് പ്രഖ്യാപിച്ച് മടങ്ങുന്ന യുവാക്കളുടെ എണ്ണം കൂടുന്നു എന്നതിന്റെ സൂചന കൂടിയാണ് ഈ വൈറല്‍ വീഡിയോ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
