ഹോളിവുഡ് സിനിമാ ലോകത്തെ എക്കാലത്തെയും പ്രിയപ്പെട്ട ദമ്പതികളായിരുന്ന ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വേർപിരിഞ്ഞതിന് ശേഷം ഇവരുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചർച്ചകൾ എപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാറുണ്ട്. ബ്രാഡ് പിറ്റിന്റെ പുതിയ പങ്കാളിയായ ഇനെസ് ഡി റാമോണിനെക്കുറിച്ച് വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ആഞ്ജലീന തന്റെ വ്യക്തിജീവിതം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വർഷങ്ങൾക്ക് ശേഷം തന്റെ പ്രണയജീവിതത്തെക്കുറിച്ചും സിംഗിൾ മദർ എന്ന നിലയിലുള്ള ജീവിതത്തെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് താരം.
തന്റെ പുതിയ ചിത്രമായ 'കൂട്ടൂർ' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി യാഹൂ എന്റർടൈൻമെന്റിന് നൽകിയ അഭിമുഖത്തിലാണ് 51കാരിയായ ആഞ്ജലീന ജോളി മനസ്സ് തുറന്നത്. ബ്രാഡ് പിറ്റുമായുള്ള വേർപിരിയലിന് ശേഷം കഴിഞ്ഞ പത്ത് വർഷമായി താൻ ആരുമായും പ്രണയത്തിലായിട്ടില്ലെന്ന് താരം വെളിപ്പെടുത്തി.
കുട്ടികളുടെ വളർച്ചയിലും കുടുംബത്തിലുമാണ് താൻ ഇത്രയും കാലം ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും, ഒരു സ്ത്രീ എന്ന നിലയിൽ സ്വന്തം ആവശ്യങ്ങൾ മാറ്റിവെച്ച് പൂർണ്ണമായും ഒരു അമ്മയായി മാറുകയായിരുന്നു താനെന്നും ആഞ്ജലീന പറഞ്ഞു. എന്നാൽ ഇപ്പോൾ കുട്ടികളെല്ലാം വളർന്നുവെന്നും താൻ വെറുമൊരു അമ്മയായി മാത്രം ഒതുങ്ങിക്കൂടാതെ സ്വന്തം ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.
കുട്ടികളാണ് തന്റെ കരുത്തെന്നും ലോകം ചുറ്റി സഞ്ചരിക്കാനും ജീവിതം ആസ്വദിക്കാനും അവർ തന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ആഞ്ജലീന കൂട്ടിച്ചേർത്തു. 2016 സെപ്റ്റംബറിലാണ് ആരാധകരുടെ പ്രിയപ്പെട്ട 'ബ്രാൻജലീന' ദമ്പതികൾ വേർപിരിയുന്നത്.
തുടർന്ന് എട്ട് വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഇവരുടെ വിവാഹമോചനം പൂർത്തിയായത്. ഇവർക്ക് ആറ് മക്കളാണുള്ളത്. അതേസമയം ഒരു അമേരിക്കൻ ചലച്ചിത്ര സംവിധായികയുടെയും ദക്ഷിണ സുഡാനി മോഡലിന്റെയും കഥ പറയുന്ന ആഞ്ജലീനയുടെ പുതിയ ചിത്രം 'കൂട്ടൂർ' ജൂൺ 26-ന് തിയേറ്ററുകളിൽ എത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
