വിഷുക്കാലത്ത് മലയാളികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ഒരു വീഡിയോയുണ്ട്. പടക്കത്തിന് തീ കൊളുത്തി ഓടുമ്പോൾ താഴേയ്ക്ക് വീഴുന്ന ഒരു ചേട്ടൻ. കണ്ടവർ കണ്ടവർ നോക്കി ചിരിച്ച് പല പല ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്യുമ്പോൾ ഈ വീഡിയോയിൽ ഉള്ളത് ആരെന്നോ എന്തെന്നോ തിരക്കാറില്ല. എന്നാൽ വാഴ 2 സിനിമ കണ്ടപ്പോൾ മാത്രമാണ് അത് ഇത്ര വൈകാരികമായ സംഭവമായിരുന്നു എന്നത് പലരും തിരിച്ചറിഞ്ഞത്.
വാഴ 2 വിലെ വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ റോഡിൽ വീഴുന്ന സംഭവം യഥാർഥ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സൃഷ്ടിച്ച രംഗമായിരുന്നു. ബിജുക്കുട്ടനാണ് ഈ രംഗം അഭിനയിച്ചത്. വൈറലായ വീഡിയോക്ക് പിന്നിൽ കണ്ണീരണിയിക്കുന്ന യാഥാർഥ്യമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബിജുക്കുട്ടൻ. തന്നെ തേടി യഥാർഥ സംഭവത്തിലെ ആൾ എത്തിയെന്നും ബിജുക്കുട്ടൻ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും മകളും ബിജുക്കുട്ടനെ കാണാൻ വീട്ടിലെത്തിയിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെ ബിജുക്കുട്ടൻ തന്നെയാണ് ഈ വിവരം പങ്കുവെച്ചത്.
വാഴ 2 സിനിമ കണ്ടെന്നും, കണ്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നിയെന്നും പറഞ്ഞാണ് അദ്ദേഹം തുടങ്ങിയതെന്ന് പോസ്റ്റിൽ പറയുന്നു. ആ വീഴ്ചയ്ക്ക് അപ്പുറത്തേക്ക് അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യം അതേപോലെ ഞങ്ങൾ സിനിമയിൽ ചെയ്തുവച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി. 'എന്റെ മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അനിയൻ തന്നെ എടുത്തു പോസ്റ്റ് ചെയ്ത വീഡിയോ ആണ് അത്. അന്ന് ഞാൻ വീഴുന്നത് കണ്ട എൻ്റെ മകൻ എനിക്കെന്തോ ആപത്ത് സംഭവിച്ചു എന്നു കരുതി പൊട്ടി കരഞ്ഞുകൊണ്ട് ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു, എന്നെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി, അത്രയും സങ്കടത്തോടെ എന്റെ മകനെ ഞാൻ അതുവരെ കണ്ടിട്ടില്ല.
പിന്നീട് ഈ വീഡിയോ വൈറലായി, ആ വീഡിയോ പോസ്റ്റ് ചെയ്തയാൾ മനസ്സിൽ പോലും വിചാരിക്കാത്ത രീതിയിൽ അത് ആളുകളിലേക്ക് എത്തി. എല്ലായിടത്തും ആ വീഡിയോ കാണുമ്പോൾ വിഷമം ആണ് തോന്നിയിരുന്നത്. ഒരു ഫംഗ്ഷന് പോകാനും, ആളുകളെ അഭിമുഖീകരിക്കാനും ഒക്കെ മടിയായിരുന്നു. ആ വീഡിയോ കണ്ട ആളുകൾ ചേട്ടൻ മദ്യപിച്ചിട്ടുണ്ടായിരുന്നോ, പടക്കം ഇത്ര പേടിയാണോ എന്നൊക്കെ ചോദിക്കുമ്പോൾ ശരിക്കും വിഷമം തോന്നിയിരുന്നു. മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട്. എല്ലാ വിഷുക്കാലം വരുമ്പോഴും ആ വീഡിയോയെ പറ്റിയുള്ള ഓർമ വല്ലാത്ത മാനസികബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.
സിനിമയിലെ പാട്ട് റിലീസ് ആയപ്പോൾ, അതിലെ പടക്കം പൊട്ടിക്കുന്ന സീൻ കണ്ട് അത് ആളുകൾക്ക് ഒരു ഓർമപ്പെടുത്തൽ ആവുമെന്നും കൂടുതൽ ആളുകൾ ഇത് അറിയുമെന്നും ഞാൻ പേടിച്ചു. പക്ഷേ സിനിമ കണ്ടിറങ്ങിയ എൻ്റെ മകൻ അവന്റെ ജോലി സ്ഥലത്തുനിന്നും എന്നെ വിളിച്ച് അച്ഛനും അമ്മയും എന്തായാലും സിനിമ പോയി കാണണം എന്ന് പറഞ്ഞു. സിനിമ കണ്ടതിനുശേഷം വളരെ സന്തോഷത്തിലാണ്, ഇത്ര കാലം ഉണ്ടായ പേടിയും ടെൻഷനുമെല്ലാം പെട്ടെന്ന് പോയ പോലെ. ആ വിഡിയോയിലൂടെ ആളുകൾ കണ്ടതിന് അപ്പുറത്തേക്ക് അവിടെ സംഭവിച്ചത് അതേപോലെ സ്ക്രീനിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നിയെന്ന് ഇദ്ദേഹം പറഞ്ഞതായി ബിജുക്കുട്ടന്‍ കുറിച്ചു.
ഒരുപാട് സന്തോഷത്തോടെ കണ്ണ് നിറഞ്ഞാണ് അദ്ദേഹം എന്നോട് സംസാരിച്ച് തീർത്തത്. തൻറെ ജീവിതം പകർത്തി വെച്ചതുപോലെയാണ് സിനിമ കണ്ടപ്പോൾ തോന്നിയതെന്നും അതെങ്ങനെയാണെന്നും ചേട്ടൻ എന്നോട് ചോദിച്ചു. ദയവ് ചെയ്ത് ഇത് വായിക്കുന്ന ആരും ഇനി ആ ചേട്ടൻ ആരാണെന്ന് അന്വേഷിച്ച് പോവുകയോ അവരുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറാനോ ശ്രമിക്കരുത്. ചേട്ടൻ ഇനിയെന്നും സന്തോഷമായി ഇരിക്കട്ടെയെന്നാണ് ബിജുക്കുട്ടൻ പറഞ്ഞുവെയ്ക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ബോക്സ് ഓഫീസിൽ പടയോട്ടം തുടർന്ന് രൺവീർ സിംഗ്; 1095 കോടി കടന്ന് 'ധുരന്ധർ
ഷാഹിദ് കപൂർ അസ്വസ്ഥനോ? കോക്ടെയിൽ 2 സെറ്റിൽ നായികമാരുടെ സ്ക്രീൻ ടൈമിനെ ചൊല്ലി
ആശാ ഭോസ്ലെയ്ക്ക് വിട; സുരക്ഷാ ഭീഷണിയെത്തുടർന്ന് സംസ്കാര ചടങ്ങിൽ നിന്ന് ഷാരൂഖ് ഖാനും
ഡാൻസ് ഫ്ലോറുകളെ ഇളക്കിമറിക്കാൻ മഡോണ വീണ്ടും വരുന്നു; ഹിറ്റ് ആൽബം കൺഫെഷൻസിന്റെ രണ്ടാം