ന്യൂഡെല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് തിയതിയില്‍ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒക്ടോബര്‍ 1 ന് നടക്കാനിരുന്ന വോട്ടെടുപ്പ് ഒക്ടോബര്‍ 5 ലേക്ക് മാറ്റി. ജമ്മു കശ്മീര്‍, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ദിവസത്തിലും മാറ്റമുണ്ട്. ഒക്ടോബര്‍ 4 ന് നടക്കാനിരുന്ന വോട്ടെണ്ണല്‍ ഒക്ടോബര്‍ 8 ലേക്ക് മാറ്റി.
ഗുരു ജംഭേശ്വരന്റെ സ്മരണാര്‍ത്ഥം അസോജ് അമാവാസി ആഘോഷത്തില്‍ പങ്കെടുക്കുന്ന ബിഷ്ണോയി സമുദായത്തിന്റെ വോട്ടവകാശത്തെയും സാംസ്‌കാരിക പാരമ്പര്യത്തെയും മാനിക്കുന്നതിനാണ് തിയതികള്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള അസോജ് അമാവാസി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഹരിയാനയിലെ ബിഷ്ണോയി സമുദായത്തില്‍പ്പെട്ടവര്‍ രാജസ്ഥാനിലേക്ക് കൂട്ടത്തോടെ നീങ്ങുന്ന സമയമാണിത്. ഈ സാഹചര്യത്തില്‍ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍, സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികള്‍, അഖിലേന്ത്യ ബിഷ്ണോയി മഹാസഭ എന്നിവയില്‍ നിന്ന് നിവേദനം ലഭിച്ചെന്നും അതിനാലാണ് വോട്ടെടുപ്പ് മാറ്റിയതെന്നും കമ്മീഷന്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ഈ വര്‍ഷം, അസോജ് അമാവാസി ഉത്സവം ഒക്ടോബര്‍ 2 നാണ്. സിര്‍സ, ഫത്തേഹാബാദ്, ഹിസാര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് ബിഷ്ണോയി കുടുംബങ്ങള്‍ ഇതിന് മുന്നോടിയായി രാജസ്ഥാനിലേക്ക് യാത്ര ചെയ്യും.
ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 5ന് ഒറ്റഘട്ടമായാണ് നടക്കുക. അതേസമയം, ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് തീയതികളില്‍ മാറ്റമില്ല. ജമ്മു കശ്മീരിലെ വോട്ടര്‍മാര്‍ സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ 1 തിയതികളില്‍ വോട്ട് ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്