തിരുവനന്തപുരം: പരമ്പരാഗത സമര-പ്രചാരണ രീതികള്‍ ഉപേക്ഷിച്ച്, പുതിയ തലമുറയെ ആകര്‍ഷിക്കുന്ന തരത്തില്‍ പ്രവര്‍ത്തനശൈലിയില്‍ അടിയന്തര തിരുത്തലുകള്‍ വരുത്താന്‍ സി.പി.ഐ.എം ഒരുങ്ങുന്നു. പാര്‍ട്ടിയും പോഷക സംഘടനകളും സംഘടിപ്പിക്കുന്ന സമരങ്ങളില്‍ സ്വന്തം പ്രവര്‍ത്തകര്‍ മാത്രം പങ്കാളികളാകുകയും ഉന്നയിക്കപ്പെടുന്ന വിഷയങ്ങളുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ മാറിനില്‍ക്കുകയും ചെയ്യുന്ന സാഹചര്യം ഗൗരവത്തോടെ കാണാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്ന പുതിയ സമരമുറകള്‍ക്കും പ്രചാരണ രീതികള്‍ക്കും രൂപം നല്‍കും.
സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ കോഴിക്കോട്ട് നടക്കുന്ന വിപുലീകരിച്ച സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി പുനസംഘടനയും പുതിയ കര്‍മ്മപരിപാടിയും അന്തിമമായി അംഗീകരിക്കും. മുന്‍കാല തിരഞ്ഞെടുപ്പ് തോല്‍വികളെക്കുറിച്ചുള്ള സംസ്ഥാന-കേന്ദ്ര കമ്മിറ്റികളുടെ അവലോകന റിപ്പോര്‍ട്ടുകളുടെയും സ്വയംവിമര്‍ശനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ തിരുത്തല്‍ പ്രക്രിയ ആരംഭിക്കുന്നത്. ജനങ്ങളില്‍ നിന്നും യുവതലമുറയില്‍ നിന്നും പാര്‍ട്ടി അകലുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജെന്‍ സി തരംഗത്തിനനുയോജ്യമായ മാറ്റങ്ങള്‍ക്ക് നിര്‍ദേശം ഉയര്‍ന്നത്.
തുടര്‍ച്ചയായി ഫണ്ട് പിരിവ് നടത്തുന്നത് പാര്‍ട്ടിക്കും പോഷകസംഘടനകള്‍ക്കും ഉണ്ടാക്കിയ പേരുദോഷം ഒഴിവാക്കാന്‍ കര്‍ശന സാമ്പത്തിക അച്ചടക്കം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ തുടക്കമെന്ന നിലയില്‍, കോഴിക്കോട്ട് നടക്കുന്ന വിശാല സംസ്ഥാന കമ്മിറ്റിയുടെ നടത്തിപ്പിനായി പൊതുജനങ്ങളില്‍ നിന്ന് പിരിവ് നടത്തുകയില്ല. പകരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി, താമസം, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ക്കായി ഓരോ പാര്‍ട്ടി അംഗത്തില്‍ നിന്നും കുറഞ്ഞത് 100 രൂപ വീതം ശേഖരിച്ചാണ് സമ്മേളന തുക കണ്ടെത്തുക. പ്രത്യയശാസ്ത്രം, രാഷ്ട്രീയം, സംഘടന, ഭരണപരം എന്നീ നാല് പ്രധാന മേഖല കേന്ദ്രീകരിച്ചാണ് തിരുത്തല്‍ നടപടികള്‍ നടപ്പിലാക്കുന്നത്.
ഭരണം കൈവന്നതോടെ സംഘടനാപരമായ പ്രവര്‍ത്തനങ്ങളേക്കാള്‍ ഭരണപരമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന രീതിയിലേക്ക് പാര്‍ട്ടിയും പോഷക സംഘടനകളും മാറിയെന്ന വിമര്‍ശനം ഗൗരവമായി ഉള്‍ക്കൊണ്ടാണ് ഈ നീക്കം. പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ സാന്നിധ്യത്തില്‍ നടക്കുന്ന കോഴിക്കോട് യോഗത്തില്‍ പോഷക സംഘടനകളുടെ പുതിയ പ്രവര്‍ത്തന രേഖയും അവതരിപ്പിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
