അകൽച്ചയ്ക്ക് വിരാമം; സതീശനും ചന്ദ്രശേഖരനും ഒരേ വേദിയിൽ, മുഖ്യമന്ത്രിക്ക് ‘ബിഗ് സല്യൂട്ട്’

SEPTEMBER 21, 2026, 5:24 AM

തിരുവനന്തപുരം: ഏറെക്കാലമായി നിലനിന്നിരുന്ന അകൽച്ചയ്ക്ക് വിരാമമിട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും ഒരുമിച്ച് വേദി പങ്കിട്ടു. തിരുവനന്തപുരത്ത് നടന്ന ഐ.എൻ.ടി.യു.സി സംസ്ഥാന നേതൃയോഗത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.

യോഗത്തിനെത്തിയ മുഖ്യമന്ത്രിയെ ആർ. ചന്ദ്രശേഖരൻ ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്. കേരളത്തിനായി രാപ്പകൽ പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് വി.ഡി. സതീശനെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഐ.എൻ.ടി.യു.സിയുടെ ‘ബിഗ് സല്യൂട്ട്’ നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി. താൻ ആരെയും മണിയടിക്കുന്ന ആളല്ലെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ജൂണിൽ തിരുവനന്തപുരത്ത് നടന്ന ഐ.എൻ.ടി.യു.സി സംസ്ഥാനതല പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആർ. ചന്ദ്രശേഖരനെതിരെ കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച നടപടികൾ പുരോഗമിച്ചിരുന്ന സമയത്തായിരുന്നു ഇത്.

vachakam
vachakam
vachakam

മുഖ്യമന്ത്രി വിട്ടുനിന്നതിനെ തുടർന്ന് അന്നത്തെ പരിപാടി ഉദ്ഘാടനവും അധ്യക്ഷപ്രസംഗവുമില്ലാതെയാണ് നടന്നത്. പിന്നീട് ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയെങ്കിലും ഹൈക്കോടതി നടപടി സ്റ്റേ ചെയ്തു. നിയമസഭാ സമ്മേളനത്തിലെ തിരക്കുകൾ കാരണമാണ് അന്ന് പങ്കെടുക്കാൻ കഴിയാതിരുന്നതെന്നും അതേ സാഹചര്യത്തിലാണ് വീണ്ടും നേതൃയോഗം നടത്താൻ നിർദേശിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഐ.എൻ.ടി.യു.സി നേതൃയോഗത്തിൽ സർക്കാരിന്റെ വിവിധ നയപരമായ നിലപാടുകളും മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശ വൻകിട കമ്പനികളുമായി നിക്ഷേപ ചർച്ചകൾ തുടരുകയാണെന്നും അടുത്ത ആറ് മാസത്തിനുള്ളിൽ അതിന്റെ പ്രതിഫലം കേരളത്തിന് അനുഭവപ്പെടുമെന്നും സതീശൻ പറഞ്ഞു.

നിലവിലെ ഏകജാലക സംവിധാനം പലപ്പോഴും ഫലപ്രദമല്ലെന്നും ഒരു പഞ്ചായത്ത് സെക്രട്ടറിക്ക് പോലും കോടികളുടെ നിക്ഷേപം തടയാൻ കഴിയുന്ന സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ പശ്ചാത്തലത്തിലാണ് 19 നിയമങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

പൊതുമേഖലാ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലേക്ക് മാറണമെന്നും സർക്കാരിന്റെ സാമ്പത്തിക വിഭവങ്ങളെ ആശ്രയിച്ച് മാത്രം മുന്നോട്ടുപോകുന്ന സ്ഥാപനങ്ങളായി തുടരാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ലേബർ കോഡ് നടപ്പാക്കാതിരിക്കാൻ നിലവിലെ നിയമസാഹചര്യത്തിൽ കഴിയില്ലെന്നും എന്നാൽ തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും സംസ്ഥാനത്ത് ഇത് നടപ്പാക്കുകയെന്നും സതീശൻ വ്യക്തമാക്കി. തൊഴിലാളിവിരുദ്ധ നയങ്ങൾ സ്വീകരിക്കില്ലെന്നും ഐ.എൻ.ടി.യു.സിയുടെ നിർദേശങ്ങൾ കൂടി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യവൽക്കരണം സർക്കാരിന്റെ നയമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഓണക്കാലത്ത് റെക്കോർഡ് വ്യാപാരം നടന്നതായും സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിച്ച് സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam