കൽപ്പറ്റ: വയനാട്ടിൽ കാൻസർ രോഗബാധിതനായ ആദിവാസി വയോധികന്റെ ശരീരം പുഴുവരിച്ച നിലയിൽ. പണിയ വിഭാഗത്തിൽപ്പെട്ട ബോളൻ എന്ന വയോധികനെ ശരീരം പുഴുവരിച്ച നിലയിലാണ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് അതിശക്തമായ വേദന അനുഭവിക്കുന്ന ഇദ്ദേഹത്തിന് ആശുപത്രികളിൽ നിന്ന് കൃത്യമായ ചികിത്സയോ പരിചരണമോ ലഭിച്ചില്ലെന്നാണ് കൂടെയുള്ളവർ ആരോപിക്കുന്നത്.
രോഗിക്ക് ചായ നൽകുന്നതിനിടെ ചുണ്ടിന്റെ വശങ്ങളിൽ നിന്നും മറ്റും പുഴുക്കൾ താഴേക്ക് ചാടുന്ന നിലയിലായിരുന്നു. ഈ വിവരം സിസ്റ്റർമാരെ അറിയിച്ചപ്പോൾ തൃപ്തികരമല്ലാത്ത മറുപടിയാണ് ലഭിച്ചതെന്നും പരാതിയുണ്ട്.
പിന്നീട് നാട്ടുകാരും രാഷ്ട്രീയ സംഘടനാ പ്രവർത്തകരും ചേർന്ന് പ്രതിഷേധിക്കുകയും വീഡിയോ എടുക്കുകയും ചെയ്തതോടെയാണ് മുറിവുകൾ കെട്ടാനും പ്രാഥമിക ചികിത്സ നൽകാനും ആശുപത്രി അധികൃതർ തയ്യാറായതെന്നും നാട്ടുകാർ പറയുന്നു.
തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി സ്വദേശിയായ ബോളൻ നേരത്തെ അംബേദ്കർ ക്യാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. അവിടെനിന്ന് വീട്ടിലേക്ക് മടങ്ങിയ അദ്ദേഹത്തെ രോഗം കടുത്തതോടെ വിവിധ താലൂക്ക് ആശുപത്രികളിലും മാനന്തവാടി മെഡിക്കൽ കോളേജിലും എത്തിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
