തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗത്തിനായി അണലി കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിക്കുന്ന പ്രത്യേക പാർലറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ഇത്തരം മാരകമായ ലഹരി വിപത്തുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകുമെന്നും മയക്കുമരുന്ന് മാഫിയയുടെ വേരറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം അദ്ദേഹം ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതിശക്തമായി തുടരുകയാണ്. ഇതിന്റെ ഭാഗമായി ഇന്നലെ വരെ സംസ്ഥാനത്തുടനീളം 4146 കേസുകൾ രജിസ്റ്റർ ചെയ്യുകയും വിവിധ ലഹരിക്കേസുകളിലായി 4471 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, ലഹരി മാഫിയയുടെ അന്താരാഷ്ട്ര കണ്ണികളെക്കുറിച്ച് സംസ്ഥാന പൊലീസിന് കൃത്യമായ വിവരങ്ങൾ ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. ലഹരിക്കടത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി മറ്റ് സംസ്ഥാനങ്ങളുടെ സഹകരണത്തോടെയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ, അതായത് ജൂലൈ രണ്ടാം വാരത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ പ്രത്യേക യോഗം വിളിച്ചുചേർക്കുമെന്നും അദ്ദേഹം അറിയിച്ചു.
മയക്കുമരുന്ന് കടത്തിന്റെ പ്രധാന കേന്ദ്രം ബെംഗളൂരുവാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ആന്ധ്ര - ഒറീസ അതിർത്തിയിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് അയൽസംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. കൂടാതെ തായ്‍ലൻഡ്, കംബോഡിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ മയക്കുമരുന്ന് മാഫിയകളുമായി പ്രതികൾക്കുള്ള ബന്ധത്തെക്കുറിച്ചും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങൾ മറ്റ് അന്വേഷണ ഏജൻസികളുമായി പങ്കുവെച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യുവാക്കൾക്കിടയിലും ബോധവൽക്കരണം കൂടുതൽ ശക്തമാക്കുമെന്നും ഡിജിപി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
