‘നവകേരള സ്വപ്നം ഉപേക്ഷിച്ചു, കോർപ്പറേറ്റുകൾക്ക് പച്ചക്കൊടി’; യുഡിഎഫ് ബജറ്റിനെതിരെ പിണറായി വിജയന്റെ രൂക്ഷ വിമർശനം

JUNE 19, 2026, 1:55 AM

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പ്രതീതി സൃഷ്ടിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ബജറ്റിലെ കണക്കുകൾ പരിശോധിച്ചാൽ അത്തരമൊരു സാഹചര്യമല്ല കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബജറ്റ് അവതരണത്തിന്റെ ആമുഖത്തിലും മുഖ്യമന്ത്രിയുടെ പ്രസംഗത്തിലും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പരാമർശിച്ചിരുന്നുവെങ്കിലും, ബജറ്റിൽ 2,000 കോടി രൂപയുടെ അധിക വിഹിതം അനുവദിക്കാൻ കഴിഞ്ഞത് തന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര മോശമല്ലെന്നതിന് തെളിവാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. 6,000 കോടി രൂപ ട്രഷറിയിൽ അവശേഷിപ്പിച്ചാണ് എൽഡിഎഫ് സർക്കാർ അധികാരം ഒഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ജനക്ഷേമ മേഖലകളിൽ മുൻ ബജറ്റുകളെ അപേക്ഷിച്ച് പല പദ്ധതികൾക്കും കുറഞ്ഞ വിഹിതമാണ് നൽകിയിരിക്കുന്നതെന്ന് ആരോപിച്ച പിണറായി, കാർഷിക മേഖലയെ സഹായിക്കുന്നതിനുള്ള കാര്യമായ പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ലെന്നും വിമർശിച്ചു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ മൂലം സംസ്ഥാനത്തിന് ഉണ്ടാകുന്ന നഷ്ടങ്ങൾ ബജറ്റിൽ പരാമർശിക്കാതിരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു.

vachakam
vachakam
vachakam

ബജറ്റിന് മുമ്പ് സർക്കാർ പുറത്തിറക്കിയ ധവളപത്രം മുൻകൂർ ജാമ്യം എടുക്കാനുള്ള ശ്രമമായിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫ് സർക്കാർ മുന്നോട്ടുവെച്ച ‘നവകേരള’ വികസന കാഴ്ചപ്പാട് യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചുവെന്നും ഭാവി കേരളത്തിനായുള്ള വ്യക്തമായ വികസന രൂപരേഖ ബജറ്റിൽ ഇല്ലെന്നും അദ്ദേഹം വിമർശിച്ചു.

എൽഡിഎഫ് കാലത്ത് പ്രഖ്യാപിച്ച നിരവധി പദ്ധതികൾക്ക് പേരുമാറ്റി വീണ്ടും പ്രഖ്യാപിക്കുകയാണ് ബജറ്റിലൂടെ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

അതിദാരിദ്ര്യ നിർമാർജനത്തെക്കുറിച്ച് ബജറ്റിൽ കാര്യമായ പരാമർശമില്ലെന്ന് ചൂണ്ടിക്കാട്ടിയ പിണറായി, മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉന്നയിച്ച പല വിഷയങ്ങളിലും ഇപ്പോൾ മൗനം പാലിക്കുകയാണെന്നും പറഞ്ഞു.

vachakam
vachakam
vachakam

പഴങ്ങളിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ബജറ്റിൽ വ്യക്തതയില്ലെന്നും, വൻകിട കമ്പനികൾക്ക് മദ്യ നിർമ്മാണ രംഗത്തേക്ക് പ്രവേശിക്കാനുള്ള അവസരം ഒരുക്കാനുള്ള നീക്കമാണോ ഇതെന്ന് സംശയമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബജറ്റിൽ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതാണ് കാണുന്നതെന്ന് ആരോപിച്ച പിണറായി വിജയൻ, ധാതുക്കളുടെ ഖനനം സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുന്നതും മാരിടൈം നയവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും ആശങ്കയുണ്ടാക്കുന്നതാണെന്ന് പറഞ്ഞു.

കേരളത്തിന്റെ തീരപ്രദേശങ്ങൾ സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭൂപരിഷ്കരണ നിയമത്തിൽ മാറ്റം വരുത്താനുള്ള നീക്കങ്ങൾ ഗൗരവമുള്ള രാഷ്ട്രീയ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നിർണായക പങ്കുവഹിച്ച കിഫ്ബിയുടെ പ്രാധാന്യം കുറയ്ക്കാനുള്ള ശ്രമമാണ് ബജറ്റിൽ കാണുന്നതെന്ന് പിണറായി ആരോപിച്ചു. കിഫ്ബി എന്ന ആശയത്തെ തന്നെ ദുർബലപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ, ലൈഫ് മിഷൻ പദ്ധതിയെ ദുർബലപ്പെടുത്താനും ക്രമേണ അവസാനിപ്പിക്കാനുമുള്ള നീക്കമാണ് ബജറ്റിൽ കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു. മത്സ്യത്തൊഴിലാളികൾക്കുള്ള ഭവന പദ്ധതി പുതിയതല്ലെന്നും മുമ്പ് നിലവിലുണ്ടായിരുന്ന പദ്ധതിയുടെ ആവർത്തനം മാത്രമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബജറ്റിൽ പ്രഖ്യാപിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായി അനുവദിച്ച തുക വളരെ കുറഞ്ഞതാണെന്ന് വിമർശിച്ച പിണറായി വിജയൻ, 10 കോടി രൂപ മാത്രം വകയിരുത്തിയുള്ള പദ്ധതി പ്രായോഗികമല്ലെന്നും തുടക്കം തന്നെ പ്രഹസനമാണെന്നും പറഞ്ഞു.

ജീവനക്കാർക്ക് ബജറ്റ് വലിയ വിസ്മയം സൃഷ്ടിക്കുമെന്നായിരുന്നു സർക്കാർ അവകാശപ്പെട്ടിരുന്നതെങ്കിലും അത്തരമൊരു പ്രത്യേകതയും ബജറ്റിൽ കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam