കൽപ്പറ്റ: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വർധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. വയനാട് കോളയാടി മേഖലയിലെ സ്‌കൂളിൽ ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ഷിഗെല്ല ബാധിതരുടെ എണ്ണം 16 ആയി ഉയർന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഈ വർഷം സംസ്ഥാനത്ത് 114 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 54 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. രോഗബാധയിലെ ഈ വർധനവ് അസാധാരണ സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.
കോളയാടി മേഖലയിലെ 502 കുട്ടികളാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുള്ളത്. നിലവിൽ 47 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. രോഗവ്യാപനം തടയുന്നതിനായി സമ്പർക്കത്തിലൂടെയുള്ള പകർച്ച ഒഴിവാക്കാൻ മൂന്ന് പഞ്ചായത്തുകളിലെയും ബത്തേരി നഗരസഭാ പരിധിയിലെയും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കുട്ടികളെ പൊതുപരിപാടികളിലേക്കും തിരക്കേറിയ സ്ഥലങ്ങളിലേക്കും കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് രക്ഷിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ വർഷങ്ങളിലായി ഷിഗെല്ല രോഗബാധ ഉയരുന്ന പ്രവണതയാണ് കാണുന്നത്. 2025ൽ 132 പേർക്കും, 2024ൽ 121 പേർക്കും, 2023ൽ 90 പേർക്കും, 2022ൽ 83 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം കൂടുതൽ ജില്ലകളിൽ രോഗസാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുള്ളതും ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
കുടലിനെ പ്രധാനമായും ബാധിക്കുന്ന ബാക്ടീരിയ രോഗമാണ് ഷിഗെല്ല. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികളിലും ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സാധാരണയായി രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.
ആരോഗ്യശുചിത്വം പാലിക്കുക, കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക, തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക, സുരക്ഷിതമായ ഭക്ഷണം കഴിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
