‘നടക്കാനുള്ള അവകാശം മൗലികാവകാശം’; ക്വീൻസ് വോക്‌വേയിൽ കിയോസ്‌കുകൾക്ക് ഹൈക്കോടതി വിലക്ക്

JUNE 23, 2026, 10:13 PM

കൊച്ചി: നടക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും അതിനാൽ നടപ്പാതകളിൽ വാണിജ്യ കിയോസ്‌കുകൾ സ്ഥാപിക്കാനാവില്ലെന്നും ഹൈക്കോടതി. നഗരത്തിലെ ഗോശ്രീ-ചാത്യാത്ത് റോഡിലെ ക്വീൻസ് വോക്‌വേയിൽ കിയോസ്‌കുകൾ സ്ഥാപിക്കുന്ന നീക്കം തടഞ്ഞുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഈ നിർണായക നിരീക്ഷണം നടത്തിയത്.

അപ്പാർട്‌മെന്റ് സമുച്ചയത്തിന്റെ മുന്നിലെ നടപ്പാതയിൽ കിയോസ്‌കുകൾ സ്ഥാപിക്കുന്നതിനെതിരെ ത്രിത്വം അപ്പാർട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. നടക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും, കാൽനടയാത്രക്കാർക്ക് സുരക്ഷിതവും സുഗമവുമായ ഇടം ഉറപ്പാക്കണമെന്നുമുള്ള സുപ്രീംകോടതി നിലപാട് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.

കാൽനടയാത്രക്കാർക്കുള്ള സ്ഥലം കയ്യേറാനാവില്ലെന്നും, വോക്‌വേയും ഫുട്പാത്തും ഉൾപ്പെടെയുള്ള കാൽനട സൗകര്യങ്ങൾ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം കോർപ്പറേഷനാണെന്നും കോടതി വ്യക്തമാക്കി. കിയോസ്‌കുകൾ സ്ഥാപിച്ചാൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും അനുവദിച്ചിടം ചുരുങ്ങുകയും അത് അപകടസാധ്യത വർധിപ്പിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

ആദ്യഘട്ടത്തിൽ തന്നെ കിയോസ്‌ക് നിർമാണം ആലോചിച്ചിരുന്നെങ്കിൽ അതിനായി പ്രത്യേകം സ്ഥലം മാറ്റിവെക്കേണ്ടതായിരുന്നു എന്നും കോടതി നിരീക്ഷിച്ചു. വാണിജ്യ ആവശ്യങ്ങൾക്കായി കാൽനടയാത്രക്കാർക്കുള്ള ഇടം കൈയേറുന്നത് അംഗീകരിക്കാനാവില്ലെന്നും, കിയോസ്‌കുകൾ അതിനായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ സ്ഥാപിക്കാവൂവെന്നും കോടതി പറഞ്ഞു.

ക്വീൻസ് വോക്‌വേയിൽ 20 കിയോസ്‌കുകൾ സ്ഥാപിക്കാനായിരുന്നു ജിഡിയുടെ നീക്കം. കഴിഞ്ഞ വർഷം വരെ ഇവിടെ കിയോസ്‌കുകൾ ഉണ്ടായിരുന്നുവെന്നും ഇപ്പോൾ ഉയരുന്ന എതിർപ്പിന് അടിസ്ഥാനമില്ലെന്നും ജിഡി വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല.

നടത്തം ഏറ്റവും സ്വാതന്ത്ര്യപരവും ആരോഗ്യകരവും പ്രയോജനപ്രദവുമായ യാത്രാമാർഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. “മനുഷ്യന്റെ ഏറ്റവും നല്ല മരുന്ന് നടത്തമാണ്” എന്ന ഹിപ്പോക്രാറ്റസിന്റെ വാക്കുകളും കോടതി ഉത്തരവിൽ പരാമർശിച്ചു. പുരോഗതിയുടെയും വാണിജ്യലാഭത്തിന്റെയും പേരിൽ നടത്തത്തിനുള്ള ഇടങ്ങൾ നഷ്ടമാകുന്നത് ആശങ്കാജനകമാണെന്നും, കാൽനടയാത്രക്കാർക്കായി ദീർഘവീക്ഷണത്തോടെ സൃഷ്ടിച്ച ഇടങ്ങൾ പോലും വ്യാപാര താൽപര്യങ്ങൾ വിഴുങ്ങുകയാണെന്നും കോടതി വിമർശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam