കണ്ണൂര്‍: പാര്‍ട്ടി കോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത പരാജയം സൃഷ്ടിച്ച രാഷ്ട്രീയ ആഘാതത്തില്‍ നിന്ന് കരകയറാന്‍ സി.പി.എം തന്ത്രങ്ങള്‍ ശക്തമാക്കുന്നു. വിപുലീകൃത സംസ്ഥാന സമിതി ചേരുന്നതിന് മുന്നോടിയായി, തോല്‍വിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ അണികളെ ബോധ്യപ്പെടുത്താനും തെറ്റുതിരുത്തല്‍ നടപടികള്‍ വിശദീകരിക്കാനുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന് നേരിട്ട് പ്രചാരണ രംഗത്തിറങ്ങുന്നു. ഈ മാസം 29, 30, 31 തീയതികളിലായി പയ്യന്നൂര്‍, മാത്തില്‍, തളിപ്പറമ്പ്, മയ്യില്‍ എന്നീ നാല് പ്രധാന കേന്ദ്രങ്ങളിലാണ് വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
പാര്‍ട്ടി സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വീഴ്ചകള്‍ക്കപ്പുറം യു.ഡി.എഫ് തരംഗമല്ലാത്ത ചില ആന്തരിക കാരണങ്ങളും പരാജയത്തിന് പിന്നിലുണ്ടെന്ന് സി.പി.എം വിലയിരുത്തുന്നു. തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട പ്രതിഷേധങ്ങളും നേതാക്കളും പ്രവര്‍ത്തകരും അടക്കമുള്ളവര്‍ വോട്ട് മറിച്ചതുമാണ് കനത്ത പ്രഹരമായത്. മുന്‍പ് പലതവണ നേതൃത്വം നല്കിയ വിശദീകരണങ്ങള്‍ അണികള്‍ക്ക് പൂര്‍ണ്ണമായി ബോധ്യപ്പെടാത്ത സാഹചര്യത്തിലാണ് കൂടുതല്‍ കടുത്ത തീരുമാനങ്ങളിലേക്ക് പാര്‍ട്ടി കടക്കുന്നത്. ശക്തമായ ഇടപെടലുണ്ടായില്ലെങ്കില്‍ സംഘടനാ അടിത്തറ ചോര്‍ന്നുപോകുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ട് ക്രമക്കേട് ആരോപണം ഉയര്‍ത്തി രാഷ്ട്രീയമായി പ്രതിരോധം തീര്‍ക്കുന്ന എം.എല്‍.എ വി. കുഞ്ഞികൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ ഇപ്പോഴും പ്രതിരോധത്തിലാക്കുന്നുണ്ട്. മറുവശത്ത്, തളിപ്പറമ്പ് എം.എല്‍.എ ടി.കെ ഗോവിന്ദന് സി.പി.എമ്മിനെതിരെയുള്ള ആക്രമണം ശക്തമാക്കുന്നതിനൊപ്പം ഹലാല്‍ ഫായിദ സഹകരണ സംഘത്തിലെ നിക്ഷേപകരുടെ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതും രാഷ്ട്രീയ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. പാര്‍ട്ടിയുമായി ഇടഞ്ഞുനില്ക്കുന്നവരോടുള്ള ഭാവി നിലപാടെന്തെന്ന് പിണറായി വിജയന്റെ വിശദീകരണ യോഗങ്ങളോടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
