തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ ഗ്രൗണ്ടുകൾ കൂടുതൽ സമയം തുറന്നിടുന്നതും പൊതുസമൂഹത്തിന് ഉപയോഗിക്കാൻ അനുവദിക്കുന്നതും പരിഗണനയിലാണെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു. സ്‌കൂൾ ഗ്രൗണ്ടുകൾ അടച്ചിട്ട ശേഷം ലഹരിവിരുദ്ധ പ്രതിജ്ഞകൾ എടുത്താൽ മാത്രം കാര്യമില്ലെന്നും യുവാക്കൾക്കും കുട്ടികൾക്കും കളിക്കാനുള്ള കൂടുതൽ അവസരങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കളിക്കളങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിന് സർക്കാർ പ്രത്യേക ശ്രദ്ധ നൽകുമെന്നും എംഎൽഎ, എംപി ഫണ്ടുകൾ ഉപയോഗിച്ച് നിലവിലുള്ള കളിയിടങ്ങൾ നവീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഫുട്ബോളിനെ നെഞ്ചേറ്റിയ ജനതയാണ് കേരളത്തിലേത്. കൂടുതൽ യുവാക്കൾ ഫുട്ബോളിലേക്ക് ആകർഷിക്കപ്പെടുന്ന സമയമാണിത്. പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി മുൻ സർക്കാർ ആരംഭിച്ചിരുന്നുവെങ്കിലും അതിൽ ഏകദേശം 10 ശതമാനം മാത്രമാണ് പൂർത്തിയായത്. കൂടുതൽ കളിക്കളങ്ങൾ ഒരുക്കും. എംഎൽഎ, എംപി ഫണ്ടുകൾ ഉൾപ്പെടെ ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും ധനസമാഹരണം നടത്തി കളിയിടങ്ങൾ വികസിപ്പിക്കും,” മന്ത്രി പറഞ്ഞു.
ഫുട്ബോൾ ഇതിഹാസങ്ങളായ മെസിയും റൊണാൾഡോയും കളിക്കളത്തിൽ നിന്ന് വിരമിച്ചാലും ആരാധകരുടെ മനസ്സിൽ നിന്ന് ഒരിക്കലും വിരമിക്കില്ലെന്നും അവരുടെ വിരമിക്കൽ സാങ്കേതികമായി മാത്രം കാണേണ്ട കാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഫാൻസ് പോരാട്ടങ്ങൾ സജീവമായ സാഹചര്യത്തിൽ താൻ പിന്തുണയ്ക്കുന്ന ടീമിനെക്കുറിച്ച് വെളിപ്പെടുത്തില്ലെന്നും എല്ലാ ടീമുകളും കായിക വകുപ്പിന്റെ പ്രിയപ്പെട്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
