വെള്ളാപ്പള്ളി ഇപ്പോള്‍ എങ്ങനെ അഭിമതനായി? യുഡിഎഫ് സര്‍ക്കാരിന്റേത് വലതുപക്ഷ കോര്‍പ്പറേറ്റ് ദാസ്യം; കടുത്ത വിമര്‍ശനവുമായി പിണറായി വിജയന്‍

JUNE 17, 2026, 10:30 PM

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു മാസം പിന്നിടുമ്പോള്‍, സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച 'വാഗ്ദാനം മറന്ന് യുഡിഎഫ് തുടക്കം' എന്ന ലേഖനത്തിലാണ് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയില്‍ രംഗത്തുവന്നത്. യുഡിഎഫ് മുന്നോട്ടുവെക്കുന്ന 'പുതുയുഗം' കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യത്തിന് തുരങ്കംവെക്കാനുള്ള മുദ്രാവാക്യം മാത്രമാണെന്ന് കഴിഞ്ഞ ഒരു മാസത്തെ ഭരണം തെളിയിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് കാലത്ത് അനഭിമതനായിരുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ യുഡിഎഫിന് എങ്ങനെയാണ് പ്രിയപ്പെട്ടവനായതെന്ന് പിണറായി വിജയന്‍ ചോദിച്ചു. മതവിദ്വേഷം പ്രചരിപ്പിച്ച ആളായി വെള്ളാപ്പള്ളിയെ വിശേഷിപ്പിച്ചവരാണ് ഭരണം ലഭിച്ചപ്പോള്‍ അനുഗ്രഹം വാങ്ങാന്‍ വരി നില്‍ക്കുന്നത്. കൂടാതെ, എന്‍ഡിഎയുടെ ഭാഗമായ ബിഡിജെഎസിന് നേതൃത്വം നല്‍കുന്ന തുഷാര്‍ വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ വീട്ടിലെത്തി അഭിവാദ്യം അര്‍പ്പിച്ചത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ പ്രചാരണങ്ങളെല്ലാം വെറും നാടകമായിരുന്നോ എന്നും ചോദിച്ചു.

നെഹ്‌റൂവിയന്‍ സോഷ്യലിസ്റ്റാണെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവകാശപ്പെടുന്നത്. എന്നാല്‍ അതിന് കടകവിരുദ്ധമാണ് സര്‍ക്കാരിന്റെ തീരുമാനങ്ങള്‍.ഭരണപക്ഷത്തിന്റെ ധവളപത്രം കോര്‍പ്പറേറ്റുകളെ സഹായിക്കാനുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ഊര്‍ജം എന്നീ അടിസ്ഥാനമേഖലകള്‍ മുതല്‍ കരിമണല്‍ഖനനം, വിമാനത്താവളങ്ങള്‍, തീരദേശം, തുറമുഖങ്ങള്‍ എന്നിവയടക്കമുള്ള തന്ത്രപ്രധാനമായ ഇടങ്ങളെല്ലാം കുത്തകകള്‍ക്ക് തീറെഴുതാനുള്ള നീക്കങ്ങളാണ് ധവളപത്രത്തിലൂടെ മറനീക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കാനും പ്രകൃതിസമ്പത്ത് സ്വകാര്യകമ്പനികള്‍ക്ക് ചൂഷണം ചെയ്യാനും വഴിയൊരുക്കുന്നവരാണോ നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റുകളെന്ന് അദ്ദേഹം പരിഹസിച്ചു.

vachakam
vachakam
vachakam

യുഡിഎഫ് സര്‍ക്കാരിന് സംഘപരിവാറിനോട് വിധേയത്വമാണെന്ന് പിണറായി വിജയന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പൂര്‍ണമായും സംഘപരിവാറിന് വഴങ്ങിക്കൊടുക്കുന്ന ഒന്നാക്കി മാറ്റി. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സര്‍വകലാശാലകള്‍ വരുതിയിലാക്കാനുള്ള കേന്ദ്ര ശ്രമങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉയര്‍ത്തിയ പ്രതിരോധങ്ങള്‍ ഈ സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ തകര്‍ത്തു. ആര്‍എസ്എസ് പരിപാടിയില്‍ മൂന്ന് വിസിമാര്‍ പങ്കെടുത്തതില്‍ സര്‍ക്കാര്‍ ആദ്യം മൗനം പാലിച്ചെന്നും, പിന്നീട് പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും പ്രതിഷേധത്തിനൊടുവിലാണ് പ്രതികരിക്കാന്‍ തയാറായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ യുഡിഎഫ് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ലേഖനത്തില്‍ പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യം എംഒയു ഒപ്പിട്ടിരുന്നെങ്കിലും പിന്നീട് പദ്ധതി നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയും, അത് കേന്ദ്രത്തെ രേഖാമൂലം അറിയിക്കുകയും ചെയ്തതാണ്. എന്നാല്‍, എല്‍ഡിഎഫ് ഒപ്പിട്ടതുകൊണ്ട് പദ്ധതി നടപ്പാക്കാതിരിക്കാന്‍ കഴിയില്ലെന്ന വിചിത്ര വാദമാണ് ഇപ്പോള്‍ യുഡിഎഫ് ഉയര്‍ത്തുന്നത്. യുഡിഎഫിന്റെ വാഗ്ദാനങ്ങളെല്ലാം കേവലം വോട്ട് തട്ടാനുള്ള തന്ത്രങ്ങളായിരുന്നുവെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞതായും പിണറായി വിജയന്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam