തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി മദ്യത്തിന് പ്രത്യേക സെസ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. സംസ്ഥാനത്ത് വിൽക്കുന്ന ഓരോ മദ്യക്കുപ്പിക്കും ഒരു രൂപ വീതം സെസ് ചുമത്തുന്ന നിർദേശം ബജറ്റിൽ ഉൾപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം.
സംസ്ഥാനത്ത് പ്രതിമാസം ശരാശരി 4.9 കോടി കുപ്പി മദ്യം വിറ്റഴിയുന്നുണ്ടെന്നാണ് കണക്കുകൾ. ഇതുവഴി പ്രതിമാസം അഞ്ച് കോടി രൂപയോളം അധിക വരുമാനം സർക്കാരിന് ലഭിക്കുമെന്നാണ് വിലയിരുത്തൽ. ലഹരിവിമുക്ത കേന്ദ്രങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിനും എക്‌സൈസ് വകുപ്പിന്റെ കീഴിൽ പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുമാണ് ഈ തുക വിനിയോഗിക്കുക.
ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയാൻ എക്‌സൈസ് വകുപ്പ് നടപ്പാക്കാൻ ഒരുങ്ങുന്ന സമഗ്ര ലഹരി നയത്തിന് ഈ അധിക വരുമാനം നിർണായക പിന്തുണയാകുമെന്നാണ് പ്രതീക്ഷ. നിയമപാലനം, ബോധവൽക്കരണം, ലഹരിവിമുക്തി, പുനരധിവാസം എന്നീ നാല് പ്രധാന മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും പുതിയ നയം നടപ്പാക്കുക.
ലഹരിവിരുദ്ധ നയത്തിൽ പുനരധിവാസത്തെ പ്രധാന ഘടകമായി ഉൾപ്പെടുത്തുന്നത് ആദ്യമായാണെന്ന് എക്‌സൈസ് മന്ത്രി എം ലിജു വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ പുനരധിവാസ കേന്ദ്രങ്ങളും കൂടുതൽ ലഹരിവിമുക്ത കേന്ദ്രങ്ങളും ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സർക്കാർ ഫണ്ടുകൾക്കൊപ്പം കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) ഫണ്ടുകളും ഇതിനായി ഉപയോഗപ്പെടുത്തും.
പുനരധിവാസ കേന്ദ്രങ്ങളിൽ എത്തുന്നവരുടെ താൽപര്യങ്ങളും കഴിവുകളും പരിഗണിച്ചായിരിക്കും പരിശീലന പദ്ധതികൾ ഒരുക്കുക. കായികരംഗത്തോ കലാരംഗത്തോ മറ്റ് മേഖലകളിലോ താൽപര്യമുള്ളവർക്ക് അതനുസരിച്ചുള്ള അവസരങ്ങൾ ഒരുക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കാൻ സഹായിക്കുന്ന രീതിയിലായിരിക്കും പദ്ധതികൾ നടപ്പാക്കുക.
പ്രാരംഭഘട്ടത്തിൽ ഓരോ എക്‌സൈസ് മേഖലയിലും കുറഞ്ഞത് ഒരു പുനരധിവാസ കേന്ദ്രമെങ്കിലും സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. നിലവിൽ നോർത്ത്, സൗത്ത്, സെൻട്രൽ എന്നിങ്ങനെ മൂന്ന് എക്‌സൈസ് സോണുകളാണ് സംസ്ഥാനത്തുള്ളത്.
ലഹരിവിമുക്ത ചികിത്സ പൂർത്തിയാക്കിയവരെ ഈ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുകയും അവർക്കായി തൊഴിൽ നൈപുണ്യ പരിശീലനങ്ങൾ നൽകുകയും ചെയ്യും. ജോലി കണ്ടെത്തുന്നതിനോ സ്വയംതൊഴിൽ ആരംഭിക്കുന്നതിനോ ആവശ്യമായ പിന്തുണ നൽകിയാണ് ഇവരെ സമൂഹത്തിലേക്ക് തിരിച്ചെത്തിക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
