കൊച്ചി: ശാരീരികക്ഷമതാ പരീക്ഷയില്‍ വിജയിക്കാത്ത ബോഡി ബില്‍ഡര്‍മാരെ സായുധ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായി നിയമിക്കാന്‍ തീരുമാനിച്ച നടപടിയില്‍ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വ്യക്തമാക്കാന്‍ ജസ്റ്റിസ് എ. ബദറുദ്ദിന്‍ നിര്‍ദേശിച്ചു. പ്രമുഖ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ ചിത്തരേഷ് നടേശന്‍, ലോക പുരുഷസൗന്ദര്യ മത്സരത്തില്‍ വെള്ളിമെഡല്‍ നേടിയ ഷിനു ചൊവ്വ എന്നിവരുടെ നിയമനവുമായി ബന്ധപ്പെട്ട് അഭിഭാഷകനായ കെ.എം ഷാജഹാന്‍ നല്‍കിയ വിജിലന്‍സ് അന്വേഷണ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.
മുന്‍ സര്‍ക്കാരിന്റെ മന്ത്രിസഭാ തീരുമാനപ്രകാരമാണ് ഈ നിയമനങ്ങള്‍ നടന്നതെന്നും പിന്നീട് വിവാദമായപ്പോഴാണ് ശാരീരികക്ഷമതാ പരിശോധന നടത്തുന്നതിനായി ഇവരെ വിളിച്ചതെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. അസഫലി കോടതിയെ അറിയിച്ചു. കായികക്ഷമതാ പരിശോധനയില്‍ ചിത്തരേഷ് പങ്കെടുത്തില്ലെന്നും ഷിനുവിന് പരീക്ഷ വിജയിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അന്താരാഷ്ട്ര തലത്തില്‍ നേട്ടം കൈവരിച്ച കായികതാരങ്ങള്‍ക്ക് ആദരവു നല്‍കുന്ന വ്യവസ്ഥ ഉപയോഗിച്ചാണ് നിയമനം നല്‍കിയതെന്ന് ഷിനുവിന്റെ അഭിഭാഷക വാദിച്ചു. എന്നാല്‍ ശാരീരികക്ഷമതാ പരീക്ഷയില്‍ ഇവര്‍ പരാജയപ്പെട്ട വിവരം വീണ്ടും മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയിരുന്നോ എന്നും നിയമന ഉത്തരവിറക്കിയത് ആരാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിയമനങ്ങള്‍ ക്രമക്കേടിന്റെ പരിധിയില്‍ വരുമെന്നും വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.
നിയമനം മന്ത്രിസഭയുടെ നയപരമായ തീരുമാനമാണെന്നും ഇതില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നും ആഭ്യന്തരവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നുണ്ട്. ഉത്തരവ് നല്‍കിയെങ്കിലും രണ്ടുപേരും നിലവില്‍ സര്‍വീസില്‍ പ്രവേശിക്കുകയോ പരിശീലനത്തില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ വിജിലന്‍സ് അന്വേഷണത്തിന്റെ ആവശ്യകതയില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ഇതിനിടെ, ഈ കേസിലെ എതിര്‍കക്ഷിയായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എസ്. ശ്രീജിത്തിന് കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ഡി.ജി.പി.യായി സ്ഥാനക്കയറ്റം നല്‍കിയ നടപടിയെയും ഹൈക്കോടതി വിമര്‍ശിച്ചു.
മറ്റൊരു കേസില്‍, കൊച്ചി ആസൂത്രണ ബോര്‍ഡിലെ ചീഫ് നിയമന പരീക്ഷയില്‍ ഒന്നും രണ്ടും റാങ്ക് നേടിയ ഉദ്യോഗാര്‍ഥികളുടെ മാര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും നല്‍കണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. മൂന്നാം റാങ്കുകാരനായ ശ്യാം കൃഷ്ണന്‍ നല്‍കിയ അപേക്ഷയിലായിരുന്നു വിവരാവകാശ കമ്മീഷന്‍ രേഖകള്‍ കൈമാറാന്‍ നിര്‍ദേശിച്ചിരുന്നത്. കമ്മീഷന്‍ ഉത്തരവിനെതിരെ പി.എസ്.സി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് മുരളി പുരുഷോത്തമനാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് സെപ്റ്റംബര്‍ 10 ന് വീണ്ടും പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
