തിരുവനന്തപുരം: വെടിവച്ചാംകോവിലിൽ 17കാരനായ ശിവസൂര്യ കൊല്ലപ്പെട്ട കേസിൽ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിച്ചൽ സ്വദേശി അജിത് (21), കാർത്തികേയൻ (21), ആരോമൽ (21), മുടവൂർപാറ സ്വദേശി പ്രിയദർശൻ (20) എന്നിവരാണ് പിടിയിലായത്.
ഒന്നാം, രണ്ടാം, നാലാം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു. മൂന്നാം പ്രതിയായ പ്രിയദർശനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഫുട്ബോൾ ടർഫിൽ ഒരു വർഷം മുൻപ് ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി. അന്ന് രണ്ട് സംഘങ്ങൾ തമ്മിൽ ഉണ്ടായ പ്രശ്നം പിന്നീട് സംസാരിച്ച് പരിഹരിച്ചിരുന്നെങ്കിലും ഇരുവിഭാഗങ്ങളും പരസ്പര വൈരാഗ്യം നിലനിർത്തിയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കഴിഞ്ഞ ദിവസം എതിർ സംഘത്തിലെ ഒരാളെ ശിവസൂര്യ തുറിച്ചുനോക്കിയതിനെ തുടർന്നുണ്ടായ പ്രകോപനമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. തുടർന്ന് സംഘം ചേർന്ന് യുവാവിനെ മർദിക്കുകയായിരുന്നുവെന്നാണ് കേസ്.
സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിന് നിർണായകമായി. ആക്രമണത്തിന് ശേഷം ഗുരുതരമായി പരിക്കേറ്റ ശിവസൂര്യയെ പ്രതികൾ ബൈക്കിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. രക്തത്തിൽ കുളിച്ച നിലയിലായിരുന്ന യുവാവ് വഴിയരികിൽ വീഴുന്നതും പിന്നീട് വീണ്ടും ബൈക്കിൽ കയറ്റുന്നതുമായ ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
