ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് കാരണമില്ലാതെ മാറി താമസിക്കണമെന്ന് ആവശ്യപ്പെടുന്നത് ക്രൂരത; ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

AUGUST 7, 2026, 12:51 AM

കൊച്ചി: വ്യക്തമായ കാരണങ്ങളില്ലാതെ ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് മാറി പ്രത്യേക താമസസൗകര്യം ആവശ്യപ്പെടുന്ന ഭാര്യയുടെ നടപടി വിവാഹബന്ധത്തിൽ ക്രൂരതയായി കണക്കാക്കാമെന്ന് ഹൈക്കോടതി. ഈ നിരീക്ഷണത്തോടെ ഒമ്പത് വർഷമായി അകന്നു കഴിഞ്ഞ ദമ്പതികൾക്ക് കോടതി വിവാഹമോചനം അനുവദിച്ചു.

ജസ്റ്റിസ് സതീഷ് നൈനാനും ജസ്റ്റിസ് പി. കൃഷ്ണകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കണ്ണൂർ കുടുംബക്കോടതി വിവാഹമോചന ഹർജി തള്ളിയതിനെതിരെ ഭർത്താവ് നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

2015-ലാണ് ഹിന്ദു വിവാഹ നിയമപ്രകാരം ഇരുവരുടെയും വിവാഹം നടന്നത്. ഇലക്ട്രിക്കൽ എൻജിനീയറായ ഭർത്താവ് ഗൾഫിലായിരുന്നു ജോലി ചെയ്തിരുന്നത്. വിവാഹശേഷം ദമ്പതികൾ ഭർത്താവിന്റെ മാതാപിതാക്കളോടൊപ്പം ഗൾഫിൽ താമസിച്ചു.

vachakam
vachakam
vachakam

ഗർഭിണിയായതിനെ തുടർന്ന് യുവതി നാട്ടിലേക്ക് മടങ്ങി. പിന്നീട് ഗൾഫിലേക്ക് തിരികെ പോകാൻ വിസമ്മതിച്ച യുവതി, ഭർത്താവിന്റെ മാതാപിതാക്കളോടൊപ്പം താമസിക്കാനാവില്ലെന്നും രണ്ട് ബെഡ്‌റൂം ഫ്ലാറ്റ് ഒരുക്കിയാൽ മാത്രമേ തിരിച്ചുവരൂ എന്നും ഭർത്താവിനെ അറിയിച്ചതായി കോടതി രേഖപ്പെടുത്തി. ഇതിനിടെ യുവതി പ്രസവിക്കുകയും ചെയ്തു.

ഭർത്താവിന്റെ മാതാവാണ് കുടുംബജീവിതത്തിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് യുവതി കോടതിയെ അറിയിച്ചു. അമ്മയുമായാണ് പ്രശ്നങ്ങളെന്നും ഭർത്താവുമായി മറ്റ് ഗുരുതര പ്രശ്നങ്ങളില്ലെന്നുമായിരുന്നു യുവതിയുടെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബക്കോടതി വിവാഹമോചന ഹർജി നേരത്തെ തള്ളിയത്.

എന്നാൽ, ഭാര്യ തന്നോട് നേരിട്ട് സംസാരിക്കാൻ പോലും തയ്യാറായിരുന്നില്ലെന്നും ഭാര്യയുടെ സഹോദരൻ വഴിയാണ് വിവരങ്ങൾ അറിഞ്ഞിരുന്നതെന്നും ഭർത്താവ് ഹൈക്കോടതിയെ അറിയിച്ചു. കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ഉൾപ്പെടെയുള്ള കുടുംബപരമായ കാര്യങ്ങൾ പോലും തന്നെ അറിയിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

vachakam
vachakam
vachakam

ഇതിന് പിന്തുണയായി ഫോൺ സംഭാഷണങ്ങളുടെ രേഖകളും മറ്റ് തെളിവുകളും ഭർത്താവ് ഹാജരാക്കി. ഈ ആരോപണങ്ങളെ യുവതി കാര്യമായ രീതിയിൽ നിഷേധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഭാര്യ ദീർഘകാലം ഭർത്താവിൽ നിന്ന് അകന്നു കഴിയുകയും, ന്യായമായ കാരണമില്ലാതെ ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് വേർപെട്ട് പ്രത്യേക താമസം നിർബന്ധമായി ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ അത് മാനസിക ക്രൂരതയുടെ പരിധിയിൽ വരുന്നതാണെന്ന് വിലയിരുത്തിയ ഹൈക്കോടതി ദമ്പതികൾക്ക് വിവാഹമോചനം അനുവദിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam