തിരുവനന്തപുരം: സഹകരണ ബാങ്കുകൾ വഴി ഗുണഭോക്താക്കളുടെ വീടുകളിലെത്തി ക്ഷേമപെൻഷൻ വിതരണം ചെയ്യുന്ന സംവിധാനം അവസാനിപ്പിക്കുന്ന സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണ സംവിധാനത്തെ തകർക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.
പാവപ്പെട്ടവരുടെ കൈകളിലേക്ക് പെൻഷൻ തുക നേരിട്ട് എത്തിച്ചിരുന്ന ജനകീയ സംവിധാനമാണ് പുതിയ ഉത്തരവിലൂടെ സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് പിണറായി ആരോപിച്ചു. സഹകരണ സംഘങ്ങൾ വഴിയുള്ള വീട്ടുപടിക്കലെ പെൻഷൻ വിതരണം നിർത്തലാക്കാനുള്ള തീരുമാനം, ക്ഷേമപെൻഷൻ പദ്ധതി തന്നെ ഘട്ടംഘട്ടമായി അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഡി.ബി.ടി. സംവിധാനത്തിന് പകരം വീടുകളിൽ പെൻഷൻ വാങ്ങുന്നവരിൽ ഭൂരിഭാഗവും ബാങ്കിംഗ് സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയാത്തവരാണ്. ഇവരിൽ കൂടുതലും വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ, സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവർ എന്നിവരാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
സാമൂഹ്യ സുരക്ഷാ പെൻഷൻ അവകാശമല്ല, സർക്കാരിന്റെ ഔദാര്യമാണെന്ന വികലമായ വലതുപക്ഷ സമീപനത്തിന്റെ പ്രതിഫലനമാണ് പുതിയ ഉത്തരവെന്ന് അദ്ദേഹം വിമർശിച്ചു. സമൂഹത്തിന്റെ പ്രത്യേക പരിഗണന ആവശ്യമായ വിഭാഗങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും, ആവശ്യമുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും സഹകരണ സംഘങ്ങൾ വഴി വീടുകളിലെത്തി ക്ഷേമപെൻഷൻ വിതരണം ചെയ്യുന്ന സംവിധാനം പുനഃസ്ഥാപിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
