കണ്ണൂർ: പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിൽ സി.പി.ഐ.എം നേതാവ് ടി.ഐ. മധുസൂദനൻ എം.എൽ.എ വി. കുഞ്ഞികൃഷ്ണന് വക്കീൽ നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് ഫണ്ട്, രക്തസാക്ഷി ഓഫീസ് നിർമ്മാണ ഫണ്ട് എന്നിവയുടെ വരവ്-ചെലവ് കണക്കുകൾ വിശദീകരിച്ചുകൊണ്ടാണ് നോട്ടീസ് നൽകിയത്. മാനനഷ്ടത്തിന് നഷ്ടപരിഹാരം നൽകണമെന്നും, വി. കുഞ്ഞികൃഷ്ണൻ രചിച്ച 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകം പിൻവലിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടീസിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു.
വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ഫണ്ട് തിരിമറി ആരോപണങ്ങൾ അടിസ്ഥാനരഹിതവും അസത്യവുമാണെന്ന് ടി.ഐ. മധുസൂദനൻ നോട്ടീസിൽ ആരോപിക്കുന്നു. പ്രത്യേകിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് നോട്ടീസിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി നടത്താൻ വ്യാജ രസീത് ബുക്കുകൾ നൽകിയെന്ന ആരോപണം എന്ത് അടിസ്ഥാനത്തിലാണെന്ന് ടി.ഐ. മധുസൂദനൻ ചോദിക്കുന്നു. 28 വ്യാജ രസീതുകൾ താൻ നൽകിയെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. 28 പേരിൽ നിന്ന് ഫണ്ട് പിരിച്ചതിൽ എട്ട് പേരുടെ തുക അപഹരിച്ചെന്ന നിഗമനത്തിലെത്തിയത് എങ്ങനെയാണെന്നും നോട്ടീസിൽ ചോദിക്കുന്നു.
27, 28 നമ്പർ രസീതുകൾ റിയൽ എസ്റ്റേറ്റ് വ്യാപാരിയിലൂടെ പിരിച്ചെന്ന ആരോപണം പൂർണമായും വ്യാജമാണെന്നും രസീത് അച്ചടിയും വിതരണവും സ്ഥാനാർഥിയുടെ അറിവോടെയല്ല നടന്നതെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. സ്ഥാനാർഥി ഒറ്റയ്ക്ക് ഫണ്ട് പിരിച്ചുവെന്ന വാദവും തെറ്റാണെന്നാണ് വിശദീകരണം.
രക്തസാക്ഷി ഫണ്ട് സംബന്ധിച്ച ആരോപണങ്ങളിലും ടി.ഐ. മധുസൂദനൻ വിശദമായ മറുപടി നൽകിയിട്ടുണ്ട്. ഫണ്ടിന്റെ മുഴുവൻ വരവ്-ചെലവ് കണക്കുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക വിവരങ്ങളും പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ തയ്യാറാണെന്ന് സി.പി.ഐ.എം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ വിശദമായ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
വി. കുഞ്ഞികൃഷ്ണന്റെ 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകം പൂർണമായും പിൻവലിച്ച് മാപ്പ് പറയണമെന്നും, പുസ്തകത്തിലുള്ള ആരോപണങ്ങൾ പാർട്ടിക്ക് മാനനഷ്ടമുണ്ടാക്കിയതിനാൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ടി.ഐ. മധുസൂദനന്റെ വക്കീൽ നോട്ടീസിന് വി. കുഞ്ഞികൃഷ്ണൻ മറുപടി നൽകിയിട്ടുണ്ട്. താൻ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാപരമാണെന്നും അവ പിൻവലിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുസ്തകം പിൻവലിക്കില്ലെന്നും തന്റെ നിലപാടിൽ മാറ്റമില്ലെന്നും വി. കുഞ്ഞികൃഷ്ണൻ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
