ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിനും സജിത്ത് മുട്ടമ്പലത്തിനും താക്കീത്; കേസുകൾ പിൻവലിക്കാൻ നിർദേശം

SEPTEMBER 22, 2026, 5:32 AM

തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷത്തിൽ നടപടിയുമായി കെപിസിസി. രമ്യ ഹരിദാസ് എംഎൽഎയ്ക്കും യൂത്ത് കോൺഗ്രസ് നേതാവ് സജിത്ത് മുട്ടമ്പലത്തിനും താക്കീത് നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളും നൽകിയ കേസുകൾ പിൻവലിക്കാനും കെപിസിസി നിർദേശം നൽകി.

ചിറയിൻകീഴിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക സമിതിക്കും കെപിസിസി രൂപം നൽകി. പാലോട് രവിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ എൻ. വിൻസന്റ്, കെ.എസ്. ശബരീനാഥൻ, നെയ്യാറ്റിൻകര സനൽ എന്നിവരാണ് അംഗങ്ങൾ. ചിറയിൻകീഴിലുണ്ടായ കയ്യാങ്കളി പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ.

സംഭവത്തിൽ രമ്യ ഹരിദാസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി എം.എം. ഹസൻ അധ്യക്ഷനായ അന്വേഷണ സമിതി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. പക്വതയോടെ ഇടപെടുന്നതിൽ എംഎൽഎയ്ക്ക് വീഴ്ച സംഭവിച്ചെന്നും തനിക്കെതിരെ അപവാദ പ്രചാരണം ഉണ്ടായപ്പോൾ കെപിസിസിയെ സമീപിക്കുന്നതിന് പകരം വിഷയം അനാവശ്യമായി വിവാദമാക്കിയെന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. റിപ്പോർട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് സമർപ്പിച്ചിരുന്നു.

vachakam
vachakam
vachakam

സെപ്റ്റംബർ നാലിനാണ് ചിറയിൻകീഴിൽ രമ്യ ഹരിദാസും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായത്. എംഎൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ഔദ്യോഗിക യോഗത്തിൽ എംഎൽഎയുടെ അനുയായി പാളയം പ്രദീപ് പങ്കെടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയത്.

യോഗത്തിൽ പ്രദീപ് പങ്കെടുത്തതും ചില കരാറുകാർക്ക് നിർദേശം നൽകിയതും പ്രാദേശിക തലത്തിൽ എതിർപ്പിന് കാരണമായിരുന്നു. യോഗത്തിൽ പങ്കെടുക്കുന്ന പ്രദീപിന്റെ ദൃശ്യങ്ങൾ എംഎൽഎ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചതിനെ കോൺഗ്രസ് പ്രാദേശിക നേതാവ് സജാദ് ചോദ്യം ചെയ്തതോടെയാണ് തർക്കം രൂക്ഷമായത്.

തുടർന്ന് രാത്രിയിൽ രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തുകയായിരുന്നു. ഫോണിലെ സന്ദേശങ്ങൾ സജാദിന്റെ മകളെക്കൊണ്ട് വായിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണവും ഉയർന്നു. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുമായ സജിത്ത് മുട്ടമ്പലം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയതോടെ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam