ആലപ്പുഴ: കുട്ടനാടിന്റെ കാർഷിക-സാംസ്കാരിക പൈതൃകം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ ശുപാർശ നൽകാൻ തീരുമാനിച്ചു. രാജ്യത്തെ പ്രമുഖ ഗവേഷണസ്ഥാപനമായ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വിദഗ്ധ പഠന റിപ്പോർട്ട് പരിഗണിച്ചാണ് ഈ നടപടിയുമായി കേന്ദ്രം മുന്നോട്ടുപോകുന്നത്.
കുട്ടനാടിനെ യുനെസ്കോയുടെ സാംസ്കാരിക ഭൂദൃശ്യ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള ശുപാർശയാണ് കേന്ദ്രം സമർപ്പിക്കുക. കേന്ദ്ര സാംസ്കാരിക മന്ത്രാലയവും പുരാവസ്തു സർവേ വിഭാഗവും വിശദമായ പരിശോധന നടത്തിയ ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം പി വ്യക്തമാക്കി.
സമുദ്രനിരപ്പിനു താഴെയുള്ള ലോകത്തിലെ അപൂർവ കൃഷിസമ്പ്രദായം, തനതായ ജലവിഭവ മാനേജ്മെന്റ് സംവിധാനം, കാർഷിക പൈതൃക മാതൃക, ജൈവവൈവിധ്യം, പരമ്പരാഗത കാർഷിക അറിവ് എന്നിവയാണ് കുട്ടനാടിന്റെ മുഖ്യ സവിശേഷതകളായി ചൂണ്ടിക്കാട്ടുന്നത്. ഈ അനന്യസാധാരണമായ സ്വഭാവ സവിശേഷതകളാണ് ലോക പൈതൃക പദവിക്കുള്ള അർഹത ഉറപ്പിക്കുന്നത്.
ഇന്ത്യയുടെ പ്രാഥമിക പട്ടികയിൽ ഇടംപിടിക്കുന്നതോടെ ലോക പൈതൃക പദവിയിലേക്കുള്ള ആദ്യ കടമ്പ കടക്കാനാകും. ഇതിനായി കേന്ദ്ര നിർദേശ പ്രകാരം എം പി ആവശ്യമായ നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. നേരത്തേ കുട്ടനാടിന് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ കാർഷിക സംഘടനയുടെ ആഗോള പ്രധാന കാർഷിക പൈതൃക അംഗീകാരം ലഭിച്ചിരുന്നു.
ഈ അംഗീകാരത്തിന്റെ തുടർച്ചയായി സാംസ്കാരിക ഭൂദൃശ്യ വിഭാഗത്തിൽ കുട്ടനാടിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് കേന്ദ്രമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഈ നിവേദനം പരിഗണിച്ചാണ് കേന്ദ്രം സമഗ്ര പഠനത്തിനായി വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തിയത്. ആ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ശുപാർശ നൽകാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
