തിരുവനന്തപുരം: കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ലോജിസ്റ്റിക്‌സ് ഹബ്ബായി വികസിപ്പിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരണത്തിൽ. വർധിച്ചുവരുന്ന വ്യോമയാന ആവശ്യകത, കയറ്റുമതി ലോജിസ്റ്റിക്‌സ് രംഗത്തെ വളർച്ച, വിനോദസഞ്ചാര മേഖലയിലെ സാധ്യതകൾ എന്നിവ മുൻനിർത്തിയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി സേവന മേഖല, ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ, ഹോസ്പിറ്റാലിറ്റി മേഖല, വ്യോമയാന അനുബന്ധ വ്യാപാര സേവനങ്ങൾ എന്നിവയെ ഉൾക്കൊള്ളുന്ന എയറോപാർക്ക്, എയറോസിറ്റി പദ്ധതികൾ ആരംഭിക്കും. ഇതിലൂടെ വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് ലക്ഷ്യം.
അതോടൊപ്പം, വിമാന അറ്റകുറ്റപ്പണി-പരിപാലന മേഖലയെ ശക്തിപ്പെടുത്തുന്നതിനും സർക്കാർ നടപടി സ്വീകരിക്കും. പൈലറ്റ് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം ഡിജിസിഎ (DGCA) മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള വിമാന പരിപാലന എഞ്ചിനീയറിങ് പരിശീലന-നൈപുണ്യ വികസന സംവിധാനങ്ങളും ഒരുക്കും.
സംസ്ഥാനത്തിന്റെ കയറ്റുമതി ശേഷി വർധിപ്പിക്കുന്നതിനായി കാർഷിക, മത്സ്യ, ഫാർമ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകും. ഇതിനായി സംയോജിത പാക്ക് ഹൗസ് സൗകര്യങ്ങളും ഫാർമ കാർഗോ സംവിധാനങ്ങളും വികസിപ്പിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
കൂടാതെ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. രാജ്യാന്തര സമ്മേളനങ്ങൾ, ബിസിനസ് മീറ്റുകൾ, പ്രദർശനങ്ങൾ എന്നിവ ആകർഷിക്കുന്ന കേന്ദ്രമായി ഇതിനെ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
വ്യോമയാനം, ലോജിസ്റ്റിക്‌സ്, കയറ്റുമതി, ടൂറിസം, സേവന മേഖലകൾ എന്നിവയെ ഏകോപിപ്പിച്ച് കേരളത്തെ ആഗോള വ്യോമയാന-വാണിജ്യ കേന്ദ്രമായി ഉയർത്താനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനങ്ങൾ വിലയിരുത്തപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
